ഗർഭിണി മരിച്ചു; മണിപ്പുരിൽ വീണ്ടും സംഘർഷം
Mail This Article
ഇംഫാൽ ∙ മണിപ്പുരിൽ കഴിഞ്ഞയാഴ്ച നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ പൊലീസും സൂരക്ഷാസേനയും കണ്ണീർവാതക ഷെല്ല് ഉപയോഗിച്ചതിനെത്തുടർന്ന് ആശുപത്രിയിലായിരുന്ന ഗർഭിണി മരിച്ചു. യുവതിയുടെ വയറ്റിൽ നിന്നെടുത്ത കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. മരണവാർത്തയറിഞ്ഞ് ജനക്കൂട്ടം പ്രക്ഷോഭത്തിനായി തയാറെടുത്തെങ്കിലും മുഖ്യമന്ത്രി ബിരേൻ സിങ് സമരനേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്ന് ജനക്കൂട്ടം പിരിഞ്ഞുപോയി. കർഫ്യൂ പിൻവലിച്ചതിനെത്തുടർന്ന് ഇംഫാലിൽ സംഘർഷാവസ്ഥ തുടരുകയാണ്.
ക്വാക്വയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം പിരിച്ചുവിടുന്നതിനാണ് പൊലീസ് കണ്ണീർവാതകം ഉപയോഗിച്ചത്. പൊലീസിനു നേരെ പ്രതിഷേധക്കാർ വെടിവയ്പ് നടത്തുകയും ചെയ്തു. പൊലീസ് ഉപയോഗിച്ച കണ്ണീർവാതക ഷെൽ വീട്ടുമുറ്റത്തു വീണാണ് പൂർണഗർഭിണിയായ സഞ്ജിത ദേവിക്ക് (33) അസ്വസ്ഥതയുണ്ടായി ആശുപത്രിയിലായത്.
കുഞ്ഞ് മരിച്ചതിന് പിന്നാലെ നാട്ടുകാർ ആക‍്‍ഷൻ കൗൺസിലുണ്ടാക്കി പൊലീസ് സ്റ്റേഷൻ വളഞ്ഞിരുന്നു.
ഇതിനിടെ, മണിപ്പുരിൽ വീണ്ടും സംഘർഷം ആരംഭിച്ചു. അസം അതിർത്തിക്കടുത്തുള്ള ജിരിബാമിൽ സായുധ സംഘങ്ങൾ വെടിവയ്പ് നടത്തിയെങ്കിലും ആർക്കും പരുക്കില്ല. ഇരു വിഭാഗങ്ങൾ തമ്മിലുള്ള വെടിവയ്പ് അര മണിക്കൂറിലധികം നീണ്ടു. ഇംഫാൽ വെസ്റ്റിലെ സംഗായിപ്രുവിൽ ബോംബ് സ്ഫോടനത്തിൽ 3 വീടുകൾ തകർന്നു. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിയതാണോ അതോ അക്രമികൾ ആക്രമണം നടത്തിയതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നു. എഫ്സിഐ ഗോഡൗണിനു തൊട്ടടുത്താണ് സ്ഫോടനം നടന്നത്.