ADVERTISEMENT

ന്യൂഡൽഹി ∙ കർഷകർക്കും സ്ത്രീകൾക്കും ഉൾപ്പെടെ ഉറപ്പുകളുമായി ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഗാരന്റി കാർഡ് കോൺഗ്രസ് പുറത്തിറക്കി. 7 മേഖലകളായി തിരിച്ചു പ്രഖ്യാപനങ്ങൾ അവതരിപ്പിച്ച ഗാരന്റി കാർഡിൽ, മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകുമെന്നും 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) തിരിച്ചുകൊണ്ടുവരുമെന്നും ജാതി സെൻസസ് നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്. ക്രീമിലെയർ പരിധി 10 ലക്ഷം ആക്കി വർധിപ്പിക്കുമെന്നും ഉറപ്പു നൽകുന്നു. 

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദർ ഹൂഡ, പിസിസി അധ്യക്ഷൻ ഉദയ് ഭുയാൻ എന്നിവർ ചേർന്നാണ് ഗാരന്റി കാർഡ് പുറത്തിറക്കിയത്. 

ഇതിനു പുറമേ 25 ലക്ഷം വരെ സൗജന്യ ചികിത്സ, 18–60 വയസ്സുവരെയുള്ള സംസ്ഥാനത്തെ സ്ത്രീകൾക്ക് 2000 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, 2 ലക്ഷം സർക്കാർ തസ്തികകളിലേക്ക് നിയമനം, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കുമുള്ള ക്ഷേമപെൻഷൻ 6000 രൂപയാക്കൽ, വിള നഷ്ടപരിഹാരം എന്നീ വാഗ്ദാനങ്ങളുമുണ്ട്. 

രണ്ടുമുറി വീട് മതിയോ?, ചോദ്യമുയർത്തി ഖർഗെ 

പാവങ്ങൾക്കായി 2 സെന്റിൽ മൂന്നര ലക്ഷം രൂപയ്ക്ക് 2 മുറി വീടു വച്ചു നൽകുമെന്ന കോൺഗ്രസിന്റെ ഗാരന്റിയിൽ സംശയം അറിയിച്ചു പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. 2 മുറി വീട് മതിയാകുമോയെന്നും മറ്റ് സൗകര്യങ്ങൾ ആവശ്യമില്ലേയെന്നുമായിരുന്നു ഹരിയാന നേതാക്കളോടും പ്രകടനപത്രിക സമിതിയോടും ഖർഗെയുടെ ചോദ്യം. സൗകര്യങ്ങൾ എല്ലാം ഉണ്ടാക്കുമെന്നും നേതാക്കൾ മറുപടി നൽകിയപ്പോൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഉൾപ്പെടെ കാര്യങ്ങൾ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കൂ എന്നായിരുന്നു ഖർഗെയുടെ പ്രതികരണം. 

English Summary:

Guarantee card released in Haryana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com