അനാവശ്യ കോളുകളും മെസേജുകളും: ‘ചക്ഷു’ വഴി പരാതിപ്പെടാം
Mail This Article
ന്യൂഡൽഹി ∙ അനാവശ്യ/പരസ്യ (സ്പാം) കോളുകളും എസ്എംഎസുകളും ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ ഇനി ‘ചക്ഷു’ പ്ലാറ്റ്ഫോം വഴി ടെലികോം വകുപ്പിൽ പരാതി നൽകാം. ഇതുവരെ സൈബർ തട്ടിപ്പെന്നു സംശയിക്കുന്ന കോളുകളും സന്ദേശങ്ങളും മാത്രമാണ് ചക്ഷു വഴി റിപ്പോർട്ട് ചെയ്യാമായിരുന്നത്.
ഇനി സ്പാം കോളുകളും മെസേജുകളും ഇതുവഴി സർക്കാരിനെ അറിയിക്കാം. ഇത്തരം കോളുകളും മെസേജുകളും വന്ന് 3 ദിവസത്തിനുള്ളിൽ പരാതി നൽകണം. ഇതിന്മേൽ അന്വേഷണം നടത്തുകയും ചട്ടലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കുകയും ചെയ്യും. വേണ്ടി വന്നാൽ കോൾ, മെസേജ് ചെയ്യുന്ന വ്യക്തി/സ്ഥാപനം എന്നിവയുടെ നമ്പറുകൾ ബ്ലോക് ചെയ്തേക്കാം.
3 ദിവസത്തിനു ശേഷമുള്ള പരാതികളിൽ നടപടിയുണ്ടാകില്ലെങ്കിലും അയയ്ക്കുന്നവരെ കണ്ടെത്താൻ സർക്കാരിനെ സഹായിക്കും.
എങ്ങനെ?
∙ sancharsaathi.gov.in/sfc വെബ്സൈറ്റ് തുറന്ന് ‘Report Unsolicited Commercial Communication (UCC)’ എന്ന വിഭാഗത്തിനു താഴെയുള്ള ‘Continue reporting UCC' ക്ലിക് ചെയ്യുക.
∙ തട്ടിപ്പ് കോൾ ഏതുവഴിയാണ് ലഭിച്ചതെന്ന് ‘മീഡിയം’ എന്നതിനു താഴെ (Call/SMS) തിരഞ്ഞെടുക്കാം.
∙ ഏത് തരം കോൾ ആണ് ലഭിച്ചതെന്ന് ‘UCC Category’ എന്നതിനു കീഴിൽ തിരഞ്ഞെടുക്കുക. (ഉദാ: ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം)
∙ സ്ക്രീൻഷോട്ട്, എസ്എംഎസ്/കോൾ ലഭിച്ച സമയം, പരാതിയുടെ വിവരങ്ങൾ, പേര് തുടങ്ങിയവ നൽകുക.
∙ കോൾ/മെസേജ് ലഭിച്ച നമ്പർ നൽകി അതിൽ വരുന്ന ഒടിപി സബ്മിറ്റ് ചെയ്ത് നടപടിക്രമം പൂർത്തിയാക്കാം.
തട്ടിപ്പ് അറിയിക്കാൻ വെവ്വേറെ പോർട്ടലുകൾ
സൈബർ തട്ടിപ്പെന്നു സംശയിക്കുന്ന കോളുകളും മെസേജുകളും ചക്ഷു പോർട്ടലിലെ ‘Report Suspected Fraud Communication’ എന്ന ഓപ്ഷൻ വഴി ടെലികോം വകുപ്പിനെ അറിയിക്കാം. ജോലി വാഗ്ദാനം, ലോട്ടറി, മൊബൈൽ ടവർ ഇൻസ്റ്റലേഷൻ, കെവൈസി അപ്‍ഡേഷൻ, വ്യാജ നിക്ഷേപ പദ്ധതികൾ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന കോളുകളും മെസേജുകളും റിപ്പോർട്ട് ചെയ്യാൻ മാത്രമേ ഇത് ഉപയോഗിക്കാവൂ. സൈബർ തട്ടിപ്പിലൂടെ പണമോ മറ്റോ നഷ്ടമായാൽ cybercrime.gov.in എന്ന പോർട്ടലിലാണ് അറിയിക്കേണ്ടത്.