തിരുപ്പതി ലഡുവിൽ മുൻ സർക്കാർ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് നായിഡു
Mail This Article
അമരാവതി ∙ മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ മറ്റു ചേരുവകളും ഉപയോഗിച്ചെന്ന് ആന്ധപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആരോപിച്ചു. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി ആരോപണം നിഷേധിച്ചു. എന്നാൽ, ആന്ധ്രപ്രദേശ് കോൺഗ്രസ് പാർട്ടി അധ്യക്ഷയും ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ശർമിള സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നിയമസഭാകക്ഷി യോഗത്തിലാണ് നായിഡു ഈ ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിൽ ഇപ്പോൾ ശുദ്ധമായ നെയ്യും സാധനങ്ങളുമാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്ഥാനമാണ് (ടിടിഡി) ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്.
രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി തരംതാഴുകയാണ് നായിഡുവെന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവും ടിടിഡി മുൻ ചെയർമാനുമായ വൈ.വി.സുബ്ബറെഡ്ഡി പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.