യുഎസിൽ നൽകിയ വാക്കുപാലിച്ച് രാഹുൽ ഗാന്ധി; അമിത്തിന്റെ വീട്ടിലെത്തി
Mail This Article
ഗൊഹ്‌രിപുർ ഗ്രാമത്തിലെ സിമന്റ് പൂശാത്ത വീട്ടിൽ അതിരാവിലെ ഒരതിഥി. സുരക്ഷാസംഘം അൽപം നേരത്തേ വന്നു കാര്യം പറഞ്ഞതിനാൽ മധുരവും ചായയും തയാറാക്കി വീട്ടുകാർ കാത്തിരുന്നു. യുഎസ് സന്ദർശനത്തിനിടെ കണ്ട അമിത് മന്നിനു നൽകിയ വാക്കു പാലിക്കാൻ ഹരിയാനയിലെ കർണാലിലെ ഗ്രാമത്തിലേക്ക് എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ടു നാട്ടുകാർക്കും കൗതുകം.
-
Also Read
ഇടഞ്ഞ് ഷെൽജ; കോൺഗ്രസിന് വെല്ലുവിളി
പുലർച്ചെ ഡൽഹിയിൽനിന്നു പുറപ്പെട്ട് രണ്ടരമണിക്കൂർ റോഡ് മാർഗം സഞ്ചരിച്ചാണ് രാഹുൽ കർണാലിൽ എത്തിയത്. യുഎസിലേക്ക് അനധികൃതമായി കുടിയേറി, ട്രക്ക് ജോലിക്കിടെ അപകടത്തിൽപ്പെട്ടു ഗുരുതരമായി പരുക്കേറ്റ് അവിടെ ചികിത്സയിൽ കഴിയുകയാണ് അമിത്. അമിത്തിന്റെ കഥ കേട്ട് രാഹുൽ നേരിൽ കാണാൻ താൽപര്യം അറിയിക്കുകയായിരുന്നു. കുടുംബത്തിനുണ്ടായിരുന്ന സ്ഥലം ഉൾപ്പെടെ വിറ്റാണ് അമിത് യുഎസിലേക്കു പോയത്.
നാട്ടിലെത്തിയാൽ കുടുംബത്തെ പോയി കാണാമെന്നും ആവശ്യമായ സഹായം ചെയ്യാമെന്നും നൽകിയ ഉറപ്പു പാലിക്കാനാണ് രാഹുൽ കർണാലിലെത്തിയത്. വീട്ടിലെത്തിയ ശേഷം അമിത്തിനെ വിഡിയോ കോൾ ചെയ്ത രാഹുൽ, കുടുംബത്തിനൊപ്പം ഏതാവശ്യത്തിനുമുണ്ടാകുമെന്ന് ഉറപ്പു നൽകി. വർധിച്ച തൊഴിലില്ലായ്മ മൂലം ആളുകൾ ഹരിയാന വിട്ടുപോവുകയാണെന്ന വിമർശനം കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഉയർത്തുന്നതിനിടെ, കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിന്റെ തട്ടകത്തിൽ രാഹുൽ നടത്തിയ സന്ദർശനത്തിനു രാഷ്ട്രീയ വ്യാഖ്യാനങ്ങൾ ഏറെയാണ്.