ഹൂഡയെ മുന്നിൽ നിർത്തി ഹരിയാനയിൽ കോൺഗ്രസ്
Mail This Article
റോത്തക്ക് (ഹരിയാന) ∙ ഒരിക്കൽക്കൂടി ജാട്ട് നേതാക്കളെ മുന്നിൽ നിർത്തി ഹരിയാനയിൽ അധികാരത്തിൽ തിരിച്ചെത്താനുള്ള കഠിനശ്രമത്തിലാണ് കോൺഗ്രസ്. 2004 മുതൽ 2014 വരെ ഹരിയാന മുഖ്യമന്ത്രിയായ, ജാട്ട് വിഭാഗം നേതാവ് ഭൂപീന്ദർ സിങ് ഹൂഡ കോൺഗ്രസിന്റെ പ്രചാരണം മുന്നിൽനിന്നു നയിക്കുന്നു. ഹൂഡയുടെ നേതൃത്വത്തോടു വിയോജിപ്പുള്ള ദലിത് നേതാവും മുൻ സംസ്ഥാന അധ്യക്ഷയുമായ കുമാരി സെൽജയുടെ നീരസവും നേരിയ വിമതശല്യവും ഒഴിച്ചുനിർത്തിയാൽ സമീപകാലത്ത് കോൺഗ്രസ് ഏറ്റവും ആത്മവിശ്വാസത്തോടെയിറങ്ങുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഒക്ടോബർ 5നു നടക്കുന്നത്. സംസ്ഥാന ഭരണം പിടിച്ച് ഉത്തരേന്ത്യയിൽ പാർട്ടിയുടെ തിരിച്ചുവരവിനുള്ള സുവർണാവസരം കോൺഗ്രസ് തേടുമ്പോൾ എന്തുവിലകൊടുത്തും അതിനു തടയിടാനാണ് ബിജെപി ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള അനുകൂല രാഷ്ട്രീയാന്തരീക്ഷത്തിലാണ് കോൺഗ്രസ് പ്രതീക്ഷ.
-
Also Read
കശ്മീരിൽ ‘ഹെവി വെയ്റ്റ്’ പോരാട്ടം
കർഷകരും ഭൂവുടമകളും ഉൾപ്പെടുന്ന ജാട്ടുകളും പട്ടികജാതി സമുദായങ്ങൾ, സെയ്നി, ബിഷ്നോയി, ബ്രാഹ്മണ, പഞ്ചാബി തുടങ്ങി മറ്റെല്ലാവരും ഉൾപ്പെടുന്ന ജാട്ടിതര വിഭാഗങ്ങളും എന്ന രീതിയിലാണ് ഹരിയാനയിലെ സാമൂഹികവിഭജനം. സമാനമായ തരംതിരിവ് കോൺഗ്രസിലുമുണ്ട്. ജാട്ട് നേതാവായ ഭൂപീന്ദർ ഹൂഡയും മകൻ ദീപേന്ദറും നയിക്കുന്ന പ്രബല വിഭാഗം ഒരുവശത്ത്. ദലിത് നേതാവായ കുമാരി സെൽജ എതിർചേരിയിൽ. സീറ്റ് നിർണയത്തിൽ സെൽജ പക്ഷക്കാരെ വെട്ടിനിരത്തിയതിന്റെ അതൃപ്തി പ്രചാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങിയിരിക്കെ പ്രകടമായതാണ് കോൺഗ്രസിലെ പ്രധാന പ്രതിസന്ധി. ജാട്ട്–ദലിത് വോട്ടുകളിൽ കണ്ണുംനട്ട് ചന്ദ്രശേഖർ ആസാദുമായി ചേർന്നു ജെജെപിയും ബിഎസ്പിയുമായി ചേർന്ന് ഐഎൻഎൽഡിയും നടത്തുന്ന രാഷ്ട്രീയ പരീക്ഷണങ്ങളും കോൺഗ്രസിനു തലവേദന തീർക്കുന്നു.
സംസ്ഥാനഭരണത്തിനു വേണ്ടിയുള്ള നേർക്കുനേർ പോരാട്ടത്തിൽ മറ്റു ഘടകങ്ങളെക്കാൾ ബിജെപിയുമായുള്ള താരതമ്യം വരുമെന്നതും കിസാൻ (കർഷകർ), ഫയൽവാൻ (ഗുസ്തിക്കാർ), ജവാൻ (സൈനികർ) എന്നിവർക്കെതിരായ സർക്കാർ നിലപാട് അനുകൂലമാകുമെന്നും കോൺഗ്രസ് കരുതുന്നു. 90 അംഗ നിയമസഭയിൽ ഒരു സീറ്റ് സിപിഎമ്മിനു നൽകിയതൊഴിച്ചാൽ ഇന്ത്യാസഖ്യമില്ലാതെ കോൺഗ്രസ് തനിച്ചാണ് മത്സരം. 89 സീറ്റിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ച ആംആദ്മി പാർട്ടി പിടിക്കുന്ന വോട്ടുകൾ ഭീഷണിയല്ലെങ്കിലും കോൺഗ്രസിന് തലവേദനയാകും. സ്ഥാനാർഥി നിർണയത്തിൽ സാമൂഹിക സന്തുലനമാണ് ഹൈക്കമാൻഡ് ലക്ഷ്യമിട്ടതെങ്കിലും പഴയമുഖങ്ങൾക്കാണ് പ്രാമുഖ്യം. 28 സിറ്റിങ് എംഎൽഎമാർക്കും പാർട്ടി സീറ്റ് നൽകി. ജാട്ട് വിഭാഗത്തിൽനിന്നു മാത്രം 24 പേർക്ക് സീറ്റ് ലഭിച്ചു. 10 വിമതരെ അനുനയിപ്പിച്ചെങ്കിലും ചില മണ്ഡലങ്ങളിൽ ഭീഷണി തുടരുന്നു. സമാന പ്രതിസന്ധി ബിജെപിയും നേരിടുന്നു. സീറ്റ് വിഭജനത്തിൽ ഹൂഡപക്ഷം മേൽക്കൈ നേടിയപ്പോൾ സെൽജ പക്ഷത്തെ 11 പേർക്കു മാത്രമാണ് അവസരം കിട്ടിയത്. വിജയസാധ്യത കുറഞ്ഞ സീറ്റിൽ വിനേഷ് ഫോഗട്ടിനെ മത്സരിപ്പിക്കുന്നതിനെ തന്ത്രപരമായ നീക്കമെന്നു കോൺഗ്രസ് വിശേഷിപ്പിക്കുമ്പോഴും തിരിച്ചടിയാകുമോയെന്ന ഭയം പ്രാദേശിക കോൺഗ്രസുകാർക്കിടയിൽ തന്നെയുണ്ട്. അതേസമയം, വിനേഷിന്റെ സാന്നിധ്യം സംസ്ഥാനത്ത് പൊതുവിൽ പാർട്ടിക്ക് ഊർജം നൽകുന്നു.