വഖഫ് ബിൽ: ജെപിസിക്ക് 1.25 കോടി നിർദേശങ്ങൾ, ദുരൂഹമെന്ന് ബിജെപി എംപി
Mail This Article
ന്യൂഡൽഹി ∙ വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) 1.25 കോടിയിലേറെ അഭിപ്രായങ്ങൾ ലഭിച്ചതിൽ വിദേശശക്തികൾക്കു പങ്കുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചു. ഇത്രയേറെ അഭിപ്രായങ്ങൾ ലഭിക്കാനിടയായത് ആഭ്യന്തര മന്ത്രാലയം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജെപിസി അധ്യക്ഷൻ ജഗദംബിക പാലിന് കത്തുനൽകി. വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിനു പുറമേ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെയും ചൈനയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. ദുബെയും ജെപിസിയിൽ അംഗമാണ്. ഭേദഗതി ബില്ലിന്മേൽ സമിതി പൊതുജനാഭിപ്രായം തേടിയിരുന്നു. 1.25 കോടി അഭിപ്രായങ്ങൾ സമിതിക്ക് ലഭിക്കാൻ സാധാരണഗതിയിൽ ഒരു സാധ്യതയുമില്ലെന്നാണ് ദുബെയുടെ വാദം.
-
Also Read
കോൺഗ്രസ് ഹരിയാനയെ ‘മരുമകന്’ കൈമാറി: മോദി
എന്നാൽ, ആരോപണത്തോടു പ്രതികരിക്കാൻ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു തയാറായില്ല. വിഷയം ജെപിസിയുടെ പരിഗണനയിലാണെന്നും അതു കഴിഞ്ഞ് സർക്കാരിലേക്ക് വരുമ്പോൾ മാത്രമേ അഭിപ്രായം പറയൂ എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ബിജെപി ജനാധിപത്യത്തെ പരിഹസിക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. രാജ്യത്തെ 1.5% പേർ അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ തന്നെ ബിജെപി വിഷമത്തിലാവുകയാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ബില്ലിനെ അനുകൂലിച്ച് അഭിപ്രായം അയയ്ക്കാൻ ആവശ്യപ്പെട്ട് ബിജെപി വാട്സാപ് വഴി ക്യാംപെയ്ൻ നടത്തിയിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.
റിപ്പോർട്ട് ശീതകാല സമ്മേളനത്തിൽ
ന്യൂഡൽഹി ∙ വഖഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതി (ജെപിസി) പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. ചരിത്രത്തിൽ ഇന്നുവരെ ഒരു നിയമനിർമാണപ്രക്രിയയിലും ലഭിക്കാത്ത അത്രയും പൊതുജനാഭിപ്രായമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുൻപും വഖഫ് നിയമഭേദഗതികളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വലിയ കൂടിയാലോചന നടന്നിട്ടില്ലെന്നും പറഞ്ഞു.