ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ രൂപീകരിക്കാൻ  കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ നാഗ്പുരിൽ വിളിച്ചുചേർത്ത യോഗത്തിൽ സ്ഥലം എംപി നിതിൻ ഗഡ്കരിയുടെ അസാന്നിധ്യം ചർച്ചയായി. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിനടുത്ത് വാർധയിൽ നടത്തിയ പൊതുസമ്മേളനത്തിലും ഗഡ്കരി പങ്കെടുത്തിരുന്നില്ല. തൊട്ടുപിന്നാലെ, പുണെയിൽ പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുത്ത ഗഡ്കരി ഭരണാധികാരികൾക്ക് വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാൻ കഴിയണമെന്നു പറഞ്ഞത് മോദിക്കുനേരെയുള്ള ഒളിയമ്പ് എന്ന നിലയിൽ ചർച്ചയാകുകയും ചെയ്തു. 

ഗഡ്കരി മഹാരാഷ്ട്രയിലില്ലെന്നാണ് അദ്ദേഹത്തിന്റെ മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്നയാൾ പ്രതികരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത തിരിച്ചടിയേറ്റ ബിജെപി നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ എല്ലാ നേതാക്കളെയും ചേർത്തുനിർത്തി പ്രവർത്തിക്കണമെന്നാണ് ആർഎസ്എസ്സിന്റെ നിർദേശം. തുടർന്ന്, നിയമസഭാ തിരഞ്ഞെടുപ്പിൽ ഗഡ്കരിയെ താരപ്രചാരകനായി പ്രഖ്യാപിച്ചിരുന്നു.  

നാഗ്പുരിലെ യോഗത്തിൽ, വിദർഭ മേഖലയിലെ 62ൽ 45 നിയമസഭാ സീറ്റുകളിൽ വിജയം ഉറപ്പാക്കാനാണ് അമിത് ഷാ  പാർട്ടി പ്രാദേശിക തലം വരെയുള്ള നേതാക്കളുടെ യോഗത്തിൽ നിർദേശിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരവു നടത്തിയ വിദർഭയിൽ ഗഡ്കരിയടക്കമുള്ളവരുടെ സജീവ ഇടപെടൽ പാർട്ടി ആഗ്രഹിക്കുന്നതിനിടെയാണ് നിർണായക യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നത്. മോദിയുടെയും ഷായുടെയും ശൈലിയെ പരോക്ഷമായി വിമർശിക്കുക കൂടി ചെയ്യുന്ന ഗഡ്കരിയുടെ സമീപനം പാർട്ടി പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുന്നു. 

ചില ആളുകൾ അമാനുഷികരാകാനും പിന്നീട് ഭഗവാൻ ആകാനും ആഗ്രഹിക്കുന്നതായി മോദിക്കെതിരെ ഒളിയമ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് രണ്ടു മാസം മുൻപു തുറന്നടിച്ചിരുന്നു. ഇതിനോടു ചേർന്നുനിൽക്കുന്നതാണ് കഴിഞ്ഞയാഴ്ച ഗഡ്കരി നടത്തിയ ‘സഹിഷ്ണുതാ’ പരാമർശവും. മോദി–ഷാ ശൈലിയിൽ ഗഡ്കരി നിരാശനാണെന്നും പാർട്ടിയിലെ ഏകാധിപത്യ ശൈലി അദ്ദേഹം അംഗീകരിക്കുന്നില്ല എന്നതിന്റെ സൂചനയാണിതെന്നും പ്രതിപക്ഷം പറയുന്നു. 

English Summary:

Nitin Gadkari did not attend meetings held by Narendra Modi and Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com