ADVERTISEMENT

മെ‍ഡലുറപ്പിച്ച വിനേഷ് ഫോഗട്ടിനെ പാരിസിൽ തോൽപിച്ച ‘വെയിങ് മെഷീൻ’ ബിബിപുരിലെ അമ്പലത്തിനടുത്തു വച്ചിരിക്കുന്നു. പെൺപക്ഷ പുസ്തകങ്ങൾ നിറച്ച ഗ്രന്ഥശാലയും വനിതാ മഹാപഞ്ചായത്തുമൊക്കെയായി പെൺഭ്രൂണഹത്യകൾക്കെതിരെ അസാധാരണ പോരാട്ടം നയിച്ച ഗ്രാമമാണിത്. ‘ഹരിയാനയുടെ മകൾ’ വരുന്നതു പ്രമാണിച്ച് 50 കിലോഗ്രാം ലഡു അളന്നുതൂക്കി നൽകണമെന്നു കോൺഗ്രസുകാർക്കു നിർബന്ധം. 50 കിലോഗ്രാം വിഭാഗത്തിൽ 100 ഗ്രാം കൂടുതൽ പ്രശ്നമായതുകൊണ്ടായിരുന്നല്ലോ പാരിസിൽനിന്നു വിനേഷ് കണ്ണീരോടെ മടങ്ങേണ്ടിവന്നത്!

പറഞ്ഞതിലും അൽപം വൈകി, ഹരിയാനയുടെ രാഷ്ട്രീയഗോദയിലെ ‘ഹെവിവെയ്റ്റ്’ സ്ഥാനാർഥി വിനേഷ് ഫോഗട്ട് ട്രാക്ടറുകളുടെ അകമ്പടിയോടെ എത്തി. നാട്ടിൽ സൈക്കിൾ ഓടിക്കുംപോലെ എട്ടാംക്ലാസുകാരൻ ലക്കിയും കൂട്ടുകാരും ഇവിടെ ട്രാക്ടർ പറപ്പിക്കുന്നു. നാട്ടിലെപോലെ അനൗൺസ്മെന്റ് വാഹനമില്ലെങ്കിലെന്ത്? പഞ്ചാബി പാട്ടിന്റെ ആരവം മുന്നിൽ മാർച്ച് ചെയ്യുന്നു.

ഗോദയിൽ തീയാണെങ്കിലും പൊതുവേ ശാന്തയാണ് വിനേഷും അവരുടെ വാഹനവ്യൂഹവും. മൺവഴിയിൽ പൊടിപറപ്പിക്കാതെ വന്നുനിന്നു. ആളുകൾ ആരതി ഉഴിഞ്ഞു. കഴുത്തിൽ ജമന്തിപ്പൂമാലകൾ വന്നുവീഴുമ്പോൾ വിനേഷ് ഭാരവർധനയെക്കുറിച്ച് അസ്വസ്ഥയാകുന്നില്ല.

വിനേഷിന്റെ റാലികളിൽ പൊതുവേ രണ്ടുതരം ആളുകളാണു കൂടുതൽ – പ്രായമായവരും യുവാക്കളും. രണ്ടുകൂട്ടർക്കും ഗുസ്തിയോടുള്ള പ്രിയം വിനേഷ് അടുത്തെത്തുമ്പോഴും പ്രകടം. പാർട്ടിക്കാരെക്കാൾ കൂടുതൽ വിനേഷിനെ സ്വന്തം മകളായി കരുതുന്നവർ. അവർ തലതൊട്ടനുഗ്രഹിക്കുന്നു. വോട്ടുതേടിയെത്തുമ്പോൾ രാഷ്ട്രീയക്കാർക്കുള്ള പതിവുചിരിയും ചേർത്തുപിടിയും വിനേഷിന് അപരിചിതം. പാരിസ് നൽകിയ സങ്കടം ഒഴിഞ്ഞിട്ടില്ലെന്ന് മുഖം പറയുന്നു.

അഭിമാനപ്രശ്നമായതിനാൽ എന്തുവിലകൊടുത്തും വിനേഷിനെ തോൽപിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ചെന്നൈ പ്രളയരക്ഷാദൗത്യത്തിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള ക്യാപ്റ്റൻ യോഗേഷ് ഭൈരഗിയെന്ന മുൻ സൈനികോദ്യോഗസ്ഥനാണ് അവരുടെ സ്ഥാനാർഥി. ഗുസ്തിതാരം തന്നെയായ കവിത ദലാൽ ആംആദ്മിക്കു വേണ്ടിയിറങ്ങുന്നു.

അതിനു പുറമേയാണ് സിറ്റിങ് എംഎൽഎ ജെജെപിയിലെ അമർജിത് ദണ്ഡെയുടെ സ്ഥാനാർഥിത്വം വഴിയുള്ള ഭീഷണി. കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഐഎൻഎൽഡിയുടെയും പിന്നീട് ജെജെപിയുടെയും തട്ടകമായി മാറിയ മണ്ഡലമാണ് ജുലാന.

2004നു ശേഷം ഇവിടെ കോൺഗ്രസിനു ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതു വിനേഷിന്റെ ആദ്യ വെല്ലുവിളി. കഴിഞ്ഞ തവണ പാർട്ടിക്കു ലഭിച്ചത് 9.84% വോട്ടുമാത്രം. ഇക്കുറി സ്ഥാനാർഥിക്കുപ്പായം തയ്പ്പിച്ചിരുന്നവരുടെ അതൃപ്തി പാരയായി മാറുമോ എന്ന ആശങ്ക വേറെ. ഭർത്താവും ഗുസ്തിതാരവുമായ സോംഭീർ റാത്തിയുടെ നാടാണ്. തിരഞ്ഞെടുപ്പു ജയിച്ചാൽ വിനേഷും സംഘവും നാടുവിടുമെന്ന പ്രചാരണത്തിനു ജുലാന കി ബഹു (ജുലാനയുടെ മരുമകൾ) ആയി സ്വയം അവതരിപ്പിച്ചാണു മറുപടി.

വിനേഷ് ഉൾപ്പെടുന്ന ജാട്ട് വിഭാഗം മണ്ഡലത്തിൽ പ്രബലമാണ്. വിനേഷിനു പുറമേ, അതിന്റെ പങ്കുപറ്റാൻ ജെജെപി, ഐഎൻഎൽഡിയും ആപ്പിന്റെ കവിത ദലാലുമുണ്ട്. അതു സാധ്യതയാക്കി മാറ്റാനാണു പിന്നാക്ക വിഭാഗത്തിലെ ഭൈരഗിയെ ബിജെപി ഇറക്കിയിരിക്കുന്നത്. ബിജെപിക്ക് അനുകൂലമായി ജാട്ടിതര വോട്ടുകൾ ധ്രുവീകരിക്കപ്പെട്ടാൽ വിനേഷിനു കടുക്കും. ഗുസ്തിയിലും ജീവിതത്തിലും പോരാളിയായ വിനേഷിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കുമെന്നാണു കോൺഗ്രസ് പ്രതീക്ഷ.

English Summary:

Vinesh Phogat facing tough competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com