ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു
Mail This Article
ശ്രീനഗർ∙ രാജ്യം ഉറ്റുനോക്കുന്ന ജമ്മു കശ്മീർ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നലെ അവസാനിച്ചു. അവസാനഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനു നടക്കും. ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, സാംബ, കഠ്‌വ, കശ്മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിങ്ങനെ 7 ജില്ലകളിലാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ്.
ആദ്യഘട്ടത്തിൽ 61.38 , രണ്ടാംഘട്ടത്തിൽ 57.31 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം. ഭരണഘടനയിലെ 370–ാം വകുപ്പ് 2019ൽ പിൻവലിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ഇത്തവണ പ്രചാരണം നയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവർ പ്രചാരണത്തിനെത്തി. കോൺഗ്രസിനായി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പ്രചാരണത്തിനെത്തി.
ഇതിനിടെ ഇന്നലെ ജമ്മുവിലെ ബില്ലാവർ നിയോജകമണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിയുടെ ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ സാധിച്ചില്ല. സംഭവത്തിൽ കോൺഗ്രസ് ജമ്മു കശ്മീർ ഭരണകൂടത്തെ കുറ്റപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിനും ഇവിടെ ലാൻഡ് ചെയ്യാൻ സാധിച്ചിരുന്നില്ല.