യച്ചൂരി ആർഎസ്എസുമായി സന്ധി ചെയ്യാത്ത കമ്യൂണിസ്റ്റ്: രാഹുൽ
Mail This Article
ന്യൂഡൽഹി ∙ എന്തു സാഹചര്യം വന്നാലും ബിജെപിയും ആർഎസ്എസുമായി സന്ധി ചെയ്യില്ലെന്ന് 100% ഉറപ്പുള്ള കമ്യൂണിസ്റ്റായിരുന്നു സീതാറാം യച്ചൂരിയെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. പലതരം സമ്മർദവും മറ്റുമുള്ള ഇക്കാലത്ത് സന്ധി ചെയ്യാനും വിട്ടുവീഴ്ച ചെയ്യാനും എളുപ്പമാണെന്നിരിക്കെ അതിനു നിന്നു കൊടുക്കാൻ യച്ചൂരി തയാറായിരുന്നില്ല. യച്ചൂരി ചെയ്തതു മുഴുവൻ രാജ്യതാൽപര്യത്തിനു വേണ്ടിയായിരുന്നു. കമ്യൂണിസ്റ്റ് സുഹൃത്തുക്കൾ അംഗീകരിച്ചാലും ഇല്ലെങ്കിലും യച്ചൂരിയുടെ പ്രഥമ പരിഗണന രാജ്യത്തിനായിരുന്നുവെന്നും അതിനു ശേഷമേ പാർട്ടിയുണ്ടായിരുന്നുള്ളുവെന്നും രാഹുൽ പറഞ്ഞു.
പാർട്ടിയെ അതിന്റെ ഏറ്റവും കഠിനമേറിയ ഘട്ടത്തിൽ മുന്നോട്ടുനയിച്ചയാളാണ് യച്ചൂരിയെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ഇന്ത്യാസഖ്യ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിച്ച യച്ചൂരിയുടെ വിയോഗം ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വലിയ ശൂന്യത നൽകിയെന്നും പിണറായി പറഞ്ഞു.
ചെകുത്താന്മാർക്കെതിരെ ധൈര്യപൂർവം ഒന്നിച്ചു നിന്നാണ് പോരാടുന്നതെന്ന് പ്രഖ്യാപിക്കാനും യച്ചൂരിയോടുള്ള അടുപ്പവും മൂലമാണ് കശ്മീർ തിരഞ്ഞെടുപ്പു തിരക്കുകൾക്കിടയിലും ചടങ്ങിൽ പങ്കെടുത്തതെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.