‘ടാർഗറ്റ് തികയ്ക്കാൻ ഭീഷണി, ഉറക്കമില്ലാതായിട്ട് 45 ദിവസം’; ജോലി സമ്മർദത്തിന് പിന്നാലെ മരണം വരിച്ച് ഉദ്യോഗസ്ഥൻ
Mail This Article
ലക്നൗ ∙ കടുത്ത ജോലി സമ്മർദവും മേലുദ്യോഗസ്ഥരുടെ പീഡനവും കാരണം ഉത്തർപ്രദേശിലെ ഝാൻസിയിൽ ബജാജ് ഫിനാൻസ് ഏരിയ മാനേജരായ തരുൺ സക്സേന (42) ആത്മഹത്യ ചെയ്തു.
45 ദിവസമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് 5 പേജുള്ള ആത്മഹത്യക്കുറിപ്പിൽ തരുൺ വെളിപ്പെടുത്തി. ബജാജ് ഫിനാൻസ് വാർത്തയോട് പ്രതികരിച്ചിട്ടില്ല. നവാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹാറാണാ പ്രതാപ് നഗറിലെ വീട്ടിലാണ് തരുണിനെ മരിച്ച നിലയിൽ കണ്ടത്. ഭാര്യ മേഘയെയും മക്കളായ യഥാർഥ്, പിഹു എന്നിവരെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി.
വായ്പകളുടെ തവണ (ഇഎംഐ) പിരിച്ചെടുക്കുന്ന ജോലിയാണ് തരുൺ ചെയ്തിരുന്നത്. ഇവിടെ ഭൂരിഭാഗവും കർഷകരാണ്. കാർഷിക വിള നാശം മൂലം പലർക്കും വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
ടാർഗറ്റ് തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പിരിച്ചുവിടുമെന്ന ഭീഷണിയുണ്ടായിരുന്നതായി ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ പറയുന്നു. ‘ഞാൻ ഉറങ്ങിയിട്ട് 45 ദിവസമായി. ഭക്ഷണം കഴിക്കാൻ വയ്യാതായി. കടുത്ത സമ്മർദമാണ്. ടാർഗറ്റ് തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവയ്ക്കാനാണ് മേലുദ്യോഗസ്ഥർ പറയുന്നത്. എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഞാൻ പോകുന്നു–’ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ചുകൊണ്ട് തരുൺ എഴുതി.
കുട്ടികളുടെ ഈ വർഷത്തെ ഫീസ് മുഴുവൻ അടച്ചിട്ടുണ്ടെന്നും കത്തിലുണ്ട്. 2 മേലുദ്യോഗസ്ഥരുടെ പേരുകൾ എടുത്തുപറഞ്ഞ് അവർക്കെതിരെ പൊലീസിൽ പരാതി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പല സഹപ്രവർത്തകർക്കും സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് ഇഎംഐ അടയ്ക്കേണ്ടി വന്നതായും കത്തിൽ പറയുന്നു.
രാവിലെ നടന്ന വിഡിയോ കോൺഫറൻസിലും മേലധികാരികൾ ഭീഷണിപ്പെടുത്തിയെന്ന് തരുണിന്റെ ബന്ധുവായ ഗൗരവ് സക്സേന പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് പൊലീസ് ഓഫിസർ വിനോദ് കുമാർ ഗൗതം അറിയിച്ചു.