മികച്ച ഭാവി നഷ്ടമാകുന്നുവെന്ന കണ്ടെത്തൽ: ദത്തെടുക്കൽ നയത്തിൽ മാറ്റം
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ ശിശുക്ഷേമ കേന്ദ്രങ്ങളിൽ പരിപാലനത്തിന് ഏൽപിച്ചശേഷം, ദീർഘകാലമായി മാതാപിതാക്കൾ അന്വേഷിച്ചെത്താത്ത കുട്ടികളെയും പരിപാലിക്കാൻ രക്ഷിതാക്കൾ അപര്യാപ്തരാണെന്നു കണ്ടെത്തുന്ന കുട്ടികളെയും ഇനി മുതൽ ദത്തു നൽകും. അനാഥരെയും ഉപേക്ഷിക്കപ്പെട്ടവരെയും സ്വയമെത്തിയവരെയുമാണ് നിലവിൽ ശിശുക്ഷേമകേന്ദ്രങ്ങളിൽനിന്നു ദത്തു നൽകുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള നിർദേശം പരിഗണിച്ചാണ് ദത്തെടുക്കൽ നയത്തിലെ മാറ്റമെന്ന് കേന്ദ്ര വനിതാ ശിശു വികസന സെക്രട്ടറി അനിൽ മാലിക് പറഞ്ഞു.
കുട്ടികൾക്ക് മാനസിക സമ്മർദത്തിനൊപ്പം മികച്ച ഭാവി നഷ്ടമാകുന്നുവെന്ന കണ്ടെത്തലും നയമാറ്റത്തിനു കാരണമായി. ഇത്തരം കുട്ടികളെ ഉപേക്ഷിക്കപ്പെട്ടവരായി കണക്കാക്കി ദത്ത് നൽകുന്ന പതിവ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിലവിലുണ്ട്്. എന്നാൽ ഇതിന് പത്രപ്പരസ്യം നൽകണം, രക്ഷിതാക്കളെ അന്വേഷിക്കാൻ പൊലീസ് അന്വേഷണം ആവശ്യപ്പെടണം, ശിശുക്ഷേമ സമിതിയുടെ അനുമതി വേണം തുടങ്ങി നടപടികൾ ഏറെയുണ്ട്. ഇതൊക്കെ ഒഴിവാക്കാനാണ് നയം മാറ്റം.
ഭിന്നശേഷിക്കാരായ കുട്ടികളെ ദത്തെടുക്കുന്നതിലും ഇന്ത്യയിൽ വർധനയുണ്ട്. ഇത്തരത്തിൽ 2022 ൽ 152 കുട്ടികൾ ദത്തെടുക്കപ്പെട്ടു. 2023 ൽ ഇത് 309 ആയി. ഈ വർഷം ഇതുവരെ നൂറ്റൻപതോളം കുട്ടികൾ രാജ്യത്തിന് അകത്തും പുറത്തുമായി ദത്തുപോയി. 5 വർഷത്തിനിടെ 1404 കുട്ടികളാണ് ദത്തെടുക്കപ്പെട്ടത്.