ADVERTISEMENT

ന്യൂഡൽഹി ∙ വിഡിയോ കോളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വേഷത്തിലൊരാൾ ആ ‘കേസ് പരിഗണിക്കുന്നു’. ഇടയ്ക്ക് ‘ഓർഡർ, ഓർഡർ’ എന്നു പറഞ്ഞ് തടിച്ചുറ്റിക (ഗാവൽ) മേശയിൽ അടിക്കുന്നു. 48 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ കസ്റ്റഡി. ഉറക്കത്തിൽ പോലും വിഡിയോ കോൾ വഴി നിരീക്ഷണം. വർധ്മാൻ ഗ്രൂപ്പ് ചെയർമാനും പത്മ ഭൂഷൺ ജേതാവുമായ എസ്.പി.ഓസ്‌വാളിന്റെ 7 കോടി രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പിന്റെ നാടകീയത ഇങ്ങനെ നീളുന്നു. 

ഓഗസ്റ്റ് 27

∙ ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ നിന്നെന്ന മട്ടിൽ ഫോൺ കോൾ. തുടർന്നു വിജയ് ഖന്ന എന്ന പേരിൽ ഒരു വ്യാജ സിബിഐ ഉദ്യോഗസ്ഥൻ വിളിക്കുന്നു. ജെറ്റ്‍ എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓസ്‍വാളിന് പങ്കുണ്ടെന്നു അറിയിക്കുന്നു. മുംബൈ പൊലീസിന്റെ മുദ്രയുള്ള രേഖകൾ അയയ്ക്കുന്നു.

∙ ഓസ്‍വാൾ സിബിഐ ടീമിന്റെ ഡിജിറ്റൽ കസ്റ്റഡിയിൽ. ആരോടെങ്കിലും പറഞ്ഞാൽ 3 മുതൽ 5 വർഷം വരെ തടവെന്നും ഭീഷണി. രാത്രിയിൽ ഫോൺ കട്ടിലിനടുത്തു വയ്ക്കണം. വിഡിയോ കോൾ ഓൺ ആയിരിക്കണം. പൂർണസമയം തട്ടിപ്പുകാരുടെ നിരീക്ഷണത്തിൽ.

ഓഗസ്റ്റ് 28

∙ രാവിലെ 11ന് വ്യാജ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിഡിയോ കോളിൽ പ്രത്യക്ഷപ്പെടുന്നു. മുഖം വ്യക്തമല്ല. സംസാരം കേട്ട് ഡി.വൈ.ചന്ദ്രചൂഡ് തന്നെയെന്ന് ഓസ്‍വാൾ തെറ്റിദ്ധരിച്ചു. അത്രമേൽ ആധികാരികമെന്നു തോന്നുന്ന തരത്തിലുള്ള ഉത്തരവ് വാട്സാപ്പിൽ അയച്ചുകൊടുത്തു. സീക്രട്ട് സൂപ്പർവിഷൻ അക്കൗണ്ടിലേക്ക് (എസ്എസ്എ) പണം അയയ്ക്കാനായിരുന്നു നിർദേശം. ഡിജിറ്റൽ കസ്റ്റഡി അന്നത്തേക്കു കൂടി നീട്ടുന്നു. ഇതോടെ 4 കോടി രൂപയുടെ ‘ആദ്യ ഗഡു’ ഓസ്‍വാൾ തട്ടിപ്പുകാർക്ക് അയച്ചു. പിറ്റേന്ന് 3 കോടിയും അയച്ചു.

ഓഗസ്റ്റ് 29

സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ പോയി. അവിടെ വച്ച് ഒരു സഹപ്രവർത്തകനോട് സംഭവം വിവരിച്ചതോടെയാണ് തട്ടിപ്പാണെന്നു തിരിച്ചറിയുന്നത്. തിരികെയെത്തി ഇക്കാര്യം ചോദിച്ചപ്പോൾ 2 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്ന് വീണ്ടും ഭീഷണി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാജ അറസ്റ്റ് വാറന്റും അയച്ചു. പൊലീസ് കസ്റ്റഡിയിൽ മരിച്ചാലും ഇനി പണമയയ്ക്കില്ല എന്നു പറഞ്ഞാണ് ഓസ്‍വാൾ സംഭാഷണം അവസാനിപ്പിച്ചത്.

പ്രതികളിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 5.2 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തു.

English Summary:

Cyber fraud of 7 crore duped as chief justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com