വിശന്നു കരഞ്ഞിട്ടും ആരും കേട്ടില്ലല്ലോ; ബംഗാളിൽ നിന്ന് ജോലി അന്വേഷിച്ച് എത്തിയ തൊഴിലാളി തമിഴ്നാട്ടിൽ പട്ടിണി കിടന്നു മരിച്ചു
Mail This Article
ചെന്നൈ ∙രണ്ടു ദിവസത്തിലേറെ പട്ടിണി കിടന്ന് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണ ഇതര സംസ്ഥാന തൊഴിലാളി ചികിത്സയ്ക്കിടെ മരിച്ചു. വെള്ളവും ഭക്ഷണവുമില്ലാതെ നിർജലീകരണം മൂലം വൃക്കകൾ തകരാറിലായി ഗുരുതരാവസ്ഥയിലായ ബംഗാളിലെ മാൻഗ്രുൽ സ്വദേശി സമർ ഖാനാണ് (35) മരിച്ചത്.
വെന്റിലേറ്റർ സഹായത്തോടെ ഡയാലിസിസ് നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷിപ്പണി അന്വേഷിച്ചെത്തിയ 12 അംഗ സംഘത്തിലെ 5 പേരാണു ജോലി കിട്ടാതെ നാട്ടിലേക്കു മടങ്ങാനെത്തിയപ്പോൾ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കുഴഞ്ഞു വീണത്. ഇവരെ റെയിൽവേ അധികൃതരാണ് ആശുപത്രിയിലാക്കിയത്.
പണം തീർന്നതിനാൽ ദിവസങ്ങളോളം ഇവർ പട്ടിണിയായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടു പേർ ചികിത്സയിലൂടെ സുഖം പ്രാപിച്ചതിനെ തുടർന്ന് കോർപറേഷന്റെ അഭയ കേന്ദ്രത്തിലാണ്. ഒരാൾ വൈകാതെ ആശുപത്രി വിടുമെന്നുമാണ് പ്രതീക്ഷ.
തൊഴിലാളികളുടെ ദുരവസ്ഥ അറിഞ്ഞ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ചെന്നൈയിലെത്തി ചികിത്സാ സഹായം ഉറപ്പാക്കിയിരുന്നു.