കർഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, തൊഴിലില്ലായ്മ, വിമത ശല്യം: പുകഞ്ഞ് ബിജെപി
Mail This Article
ന്യൂഡൽഹി ∙ ഹരിയാനയിലെ വൈക്കോലും രാഷ്ട്രീയവും തമ്മിലൊരു ബന്ധമുണ്ട്. രണ്ടും പുകയുന്നതു ഹരിയാനയിലാണെങ്കിലും ഉരുണ്ടുകൂടുന്നതു ഡൽഹിക്കു മുകളിലാണ്. കർഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, തൊഴിലില്ലായ്മ ഇവയ്ക്കെല്ലാം പുറമേ വിമത സ്ഥാനാർഥികളുടെ ശല്യവും. പ്രശ്നങ്ങളാൽ പുകയുകയാണു ബിജെപി. സ്വതന്ത്രരായി മത്സരിക്കുന്ന മുൻ മന്ത്രി അടക്കം 8 നേതാക്കളെയാണ് ബിജെപി കഴിഞ്ഞദിവസം പാർട്ടിയിൽനിന്ന് പുറത്താക്കിയത്.
മുഖ്യമന്ത്രി നായബ് സിങ് സെയ്നി മത്സരിക്കുന്ന ലാഡ്‌വ മണ്ഡലത്തിൽപ്പെട്ട ബകാളി ഗ്രാമത്തിൽ കണ്ട ബിജെപി പ്രവർത്തകൻ കുൽദീപ് സിങ്ങിന്റെ അഭിപ്രായത്തിൽ, സെയ്നി ജയിക്കും. പക്ഷേ, ബിജെപി അധികാരത്തിൽ വരുമോയെന്നു സംശയം. അതേസമയം, ലാഡ്‌വ പിപ്‌ലിയിലെ ആർക്കിടെക്ട് മനോജ് കുമാർ ബിജെപി വീണ്ടും ജയിക്കുമെന്ന ഉറച്ച നിലപാടിലാണ്.
കണ്ണ് ഒബിസി വോട്ടിൽ
ജാട്ട് വിഭാഗത്തിൽ പെട്ടവരാണു ജനസംഖ്യയിൽ 27%. ഒബിസി ഉൾപ്പെടുന്ന മറ്റു വിഭാഗങ്ങൾ 73%. ഒബിസി ക്രീമിലെയർ പരിധി 6 ലക്ഷം രൂപയിൽ നിന്ന് 8 ലക്ഷം രൂപയാക്കി ഉയർത്തിയതടക്കമുള്ള നീക്കങ്ങൾ ഗുണം ചെയ്യുമെന്നു ബിജെപി പ്രതീക്ഷിക്കുന്നു. കോൺഗ്രസ് പിന്നാക്ക വിഭാഗങ്ങൾക്കും ദലിതർക്കുമെതിരാണെന്ന പ്രചാരണവും നടത്തുന്നുണ്ട്. കുമാരി സെൽജ കോൺഗ്രസിന്റെ പ്രചാരണ വേദികളിൽ തിരിച്ചെത്തിയെങ്കിലും അവരുടെ അതൃപ്തി ദലിത് വോട്ടുകളെ സ്വാധീനിക്കുമെന്നും ബിജെപി കരുതുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതടക്കം, നേതാക്കളുടെ വ്യക്തിപ്രഭാവം പ്രകടമല്ല. മുഖ്യമന്ത്രി നായബ് സിങ് സെയ്നി ജനങ്ങളെ ചേർത്തു നിർത്തുന്നുവെന്നാണു പൊതുവികാരം. ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണു ബിജെപിയുടെ പ്രചാരണം. ഭുപീന്ദർ സിങ് ഹൂഡ 10 വർഷം ചെയ്തതിനേക്കാളേറെ, താൻ 56 ദിവസങ്ങൾ കൊണ്ട് ചെയ്തുവെന്നാണു സെയ്നിയുടെ അവകാശവാദം.