ജാതിത്തോട്ടം, രാഷ്ട്രീയം ഇടവിള; 90 അംഗ ഹരിയാന നിയമസഭയിലേക്ക് കോൺഗ്രസ്–ബിജെപി ബലാബലം
Mail This Article
ന്യൂഡൽഹി∙ നാലാൾ കേൾക്കെയാണെങ്കിൽ കർഷകൻ കൂടിയാണെന്നു പറയാനേ ഹരിയാനയിലെ ഏതു രാഷ്ട്രീയക്കാരനും. ഉപപ്രധാനമന്ത്രിയായിരിക്കെ ഔദ്യോഗികവസതിയിൽ ഹരിയാനക്കാരൻ ദേവിലാൽ പശുത്തൊഴുത്തുണ്ടാക്കിയതും നാലാൾ കാണട്ടെയെന്നു കരുതിത്തന്നെ. കർഷകരും അവരുടെ പ്രശ്നങ്ങളും ചേർന്നെഴുതുന്ന ഹരിയാന തിരഞ്ഞെടുപ്പുവിധിക്കുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. പോരാട്ടത്തിൽ നേർക്കുനേരുള്ളത് കോൺഗ്രസും ബിജെപിയും മാത്രം; 2 പതിറ്റാണ്ടിനിടെ 10 വീതം വർഷം സംസ്ഥാനം ഭരിച്ച പാർട്ടികൾ.
കോൺഗ്രസും ജാട്ട് പാർട്ടികളും വിളവു കൊയ്ത മണ്ണിൽ ബിജെപി വൈകിയാണു വേരുറപ്പിച്ചത്. പഴയ ഉപപ്രധാനമന്ത്രി ദേവിലാലും മകൻ ഓം പ്രകാശ് ചൗട്ടാലയും ഹരിയാന ഭരിച്ചു. ഭജൻലാലിനെയും മറ്റും ഒഴിവാക്കി ജാട്ട് നേതാവായ ഭൂപീന്ദർ ഹൂഡയെ മുന്നിൽ നിർത്തി 2004ൽ കോൺഗ്രസ് ഹരിയാന തിരിച്ചുപിടിച്ചു. 2014ൽ മോദി തരംഗത്തിൽ അതു കൈവിട്ടു. പഴയ ജാട്ട് ഫോർമുല കോൺഗ്രസ് വീണ്ടും പയറ്റുന്നു. ജാട്ടിതര വോട്ടുകളെ ആശ്രയിച്ചാണ് ഹരിയാനയിൽ ബിജെപി വളർന്നതും അധികാരം നേടിയതും. ഹാട്രിക് ജയത്തിന് അതുമാത്രം മതിയാകുമോയെന്ന് ഇക്കുറി ബിജെപി ആശങ്കപ്പെടുന്നു.
സംസ്ഥാന ഭരണം പിടിച്ച് ഉത്തരേന്ത്യയിൽ തിരിച്ചുവരാൻ കോൺഗ്രസിനു മുന്നിലുള്ള സുവർണാവസരമാണ് ഹരിയാനയിലേത്. പാർട്ടിക്ക് അനുകൂലമായ കാറ്റുണ്ടെന്നതിൽ സംശയമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തിൽ 5 സീറ്റ് ജയിച്ചതിന്റെ ആത്മവിശ്വാസമുണ്ടെങ്കിലും കോൺഗ്രസ് ക്യാംപ് പൂർണമായും പ്രശ്നമുക്തമല്ല. ഭൂപീന്ദർ ഹൂഡ പക്ഷവും ദലിത് നേതാവായ കുമാരി സെൽജ നേതൃത്വം നൽകുന്ന വിഭാഗവും തമ്മിലുള്ള ചേരിപ്പോര്, ദലിത് പാർട്ടികളെ ഒപ്പം നിർത്തി ജെജെപി, ഐഎൻഎൽഡി തുടങ്ങിയ പാർട്ടികൾ നടത്തുന്ന പുതുപരീക്ഷണം, ആംആദ്മി പാർട്ടി സ്ഥാനാർഥികൾ പിടിക്കുന്ന വോട്ട് തുടങ്ങിയവ കോൺഗ്രസിന് വെല്ലുവിളി തീർക്കുന്നു. പാർട്ടിക്ക് സാധ്യത കുറഞ്ഞ സീറ്റിലെങ്കിലും ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ മത്സരവും പാർട്ടിക്കു പ്രീതി വർധിപ്പിക്കുന്നു.
89 സീറ്റിലും ആപ് മത്സരിക്കുന്നുണ്ടെങ്കിലും പഞ്ചാബ്, ഡൽഹി എന്നിവയോടു ചേർന്നു കിടക്കുന്ന ചില സീറ്റുകളിലൊഴിച്ചാൽ കാര്യമായ നേട്ടമുണ്ടാകില്ലെന്നാണു സൂചന. ഹരിയാന പാർട്ടികളായ ജെജെപി, ഐഎൻഎൽഡി, ലോക്ഹിത് പാർട്ടി എന്നിവ ഒന്നോ രണ്ടോ സീറ്റുകളിലൊഴികെ കാര്യമായ മത്സരത്തിനു സാധ്യതയില്ല. ആസാദ് സമാജ് പാർട്ടിയുമായി ചേർന്ന് ജെജെപിയും ബിഎസ്പിയുമായി ചേർന്ന് ഐഎൻഎൽഡിയും മത്സരിക്കുന്നു.
പാടത്തെ പ്രശ്നങ്ങൾ
ജാട്ട്, ജാട്ടിതരം എന്നിങ്ങനെ രണ്ടുതരം വോട്ടുബാങ്കുകളെ ചുറ്റിപ്പറ്റിയാണ് ഹരിയാന രാഷ്ട്രീയം. ദലിത്, പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം ബ്രാഹ്മണ വോട്ടുകൾ കൂടി ചേരുന്നതാണ് ജാട്ടിതര വോട്ടുകൾ. ഭൂപീന്ദർ ഹൂഡയെന്ന ജാട്ട് നേതാവിനെ വിശ്വാസത്തിലെടുത്തുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധി ഉയർത്തുന്ന പിന്നാക്ക കാർഡിന്റെ നേട്ടം കൂടി കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ജാട്ടിതര വോട്ടുകളുടെ ഏകീകരണം ഉറപ്പാക്കുകയാണ് ബിജെപിയുടെ വിജയമന്ത്രം. ഈ സ്ഥിതിയെ ഉഴുതുമറിക്കുന്ന ചില ജാതീയ സമവാക്യങ്ങൾ ഇപ്പോൾ ഹരിയാനയിൽ സംഭവിക്കുന്നു.
ജാട്ട് വോട്ടുകളുടെ പരമ്പരാഗത അവകാശികളായ ഐഎൻഎൽഡിയും ജെജെപിയും പുതിയ സഖ്യ പരീക്ഷണത്തിലൂടെ ദലിത് വോട്ടുകളിലേക്കും കണ്ണുവയ്ക്കുന്നു.
മതിയായ കൂലി കിട്ടാതെ പാടങ്ങൾ ഉപേക്ഷിക്കേണ്ടി വരുമോയെന്ന് ആശങ്കപ്പെടുന്ന ‘കിസാനു’ പുറമേ, അഗ്നിപഥ് പദ്ധതി തങ്ങളുടെ ‘ജവാൻ’ മോഹത്തെ എങ്ങനെ ബാധിക്കുമെന്നു ശങ്കിച്ചു നിൽക്കുന്ന കുടുംബങ്ങൾ, തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ട ‘ഫയൽവാന്മാരുടെ’ അഭിമാനക്ഷതം എന്നിങ്ങനെ ഹരിയാനയിൽ നീറിപ്പുകയുന്ന വിഷയങ്ങൾ അനുകൂലമാക്കാൻ ശ്രമിക്കുന്നത് കോൺഗ്രസാണ്.