കംബോഡിയ ജോലി തട്ടിപ്പ്: 67 പേരെ കൂടി രക്ഷപ്പെടുത്തി
Mail This Article
ന്യൂഡൽഹി∙ വ്യാജ ജോലി വാഗ്ദാനം വിശ്വസിച്ച് കംബോഡിയയിലെത്തി സൈബർ തട്ടിപ്പു സംഘത്തിനായി പ്രവർത്തിക്കാൻ നിർബന്ധിതരായ 67 പേരെക്കൂടി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി. എല്ലാവരെയും തിരികെ ഇന്ത്യയിലെത്തിച്ചു. ഇതിൽ മലയാളികൾ ഉണ്ടോയെന്നു വ്യക്തമല്ല.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. 2022 മുതൽ ആയിരത്തിലേറെപ്പേരെയാണ് എംബസി ഇടപെട്ട് കംബോഡിയയിൽ നിന്നു മാത്രം മോചിപ്പിച്ചത്. രണ്ടര വർഷത്തിനിടയിൽ കേരളത്തിൽനിന്ന് കംബോഡിയ, തായ്‌ലൻഡ് അടക്കമുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കു സന്ദർശക വീസയിൽ പോയ 2,659 പേർ തിരികെയെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. രാജ്യമാകെ ഇത്തരത്തിൽ 29,466 പേർ മടങ്ങാനുണ്ടെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ തയാറാക്കിയ കണക്കിലുള്ളത്.