കയ്യേറുന്നത് മതസ്ഥാപനമായാലും ഒഴിപ്പിക്കണം: സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ പൊതുവഴിയും ജലസ്രോതസ്സുകളും റെയിൽവേ ഭൂമിയും കയ്യേറുന്നതു മതസ്ഥാപനങ്ങളാണെങ്കിൽപോലും ഒഴിപ്പിക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഏതുതരം വിശ്വാസ സ്ഥാപനമായാലും റോഡ് കയ്യേറി പൊതുജനങ്ങളുടെ യാത്ര തടസ്സപ്പെടുത്താൻ പാടില്ല. ജനങ്ങളുടെ സുരക്ഷയ്ക്കാണു മുൻഗണനയെന്നും ജഡ്ജിമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
കുറ്റകൃത്യങ്ങളുടെ പേരിൽ ശിക്ഷാ നടപടിയെന്ന നിലയിൽ ബുൾഡോസറുപയോഗിച്ചു വീട് ഇടിച്ചു നിരത്തുന്നതിന് എതിരായ ഹർജികൾ വിധി പറയാൻ മാറ്റവെയാണു കോടതിയുടെ പരാമർശം.
എത്ര ഗുരുതരമായ ക്രിമിനൽ കേസ് ഉണ്ടെന്നതും വീട് ഇടിച്ചു നിരത്താനുള്ള കാരണമാകരുതെന്നും കോടതി ആവർത്തിച്ചു. ബുൾഡോസർ പ്രയോഗം തടഞ്ഞുകൊണ്ടുള്ള ഇടക്കാലവിധി തുടരുമെന്നും അറിയിച്ചു. ബുൾഡോസർ പ്രയോഗത്തിനും കയ്യേറ്റം ഒഴിപ്പിക്കുന്നതിനും സുപ്രീം കോടതി പുറപ്പെടുവിക്കുന്ന മാർഗരേഖ രാജ്യത്തിനാകെ ബാധകമാകുമെന്നും എല്ലാ മതവിശ്വാസികളും അതിൽ ഉൾപ്പെടുമെന്നും ബെഞ്ച് വ്യക്തമാക്കി.
കേസിൽ പ്രതിയാകുന്നതു ബുൾഡോസർ നടപടിക്കു കാരണമാകുന്നതു ശരിയാണോ എന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു സുപ്രീം കോടതി ചോദ്യമുന്നയിച്ചു. ഇക്കാര്യത്തിൽ മുൻകൂർ നോട്ടിസ് നൽകേണ്ടതുണ്ടെന്ന് എസ്ജിയും സമ്മതിച്ചു. കയ്യേറ്റം ഒഴിപ്പിക്കൽ ഏതെങ്കിലുമൊരു സമുദായത്തെ അടിസ്ഥാനമാക്കി ആകരുത്. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇടിച്ചുനിരത്തൽ നിയമപ്രകാരവും കോടതിയുടെ മേൽനോട്ടത്തിലുമായിരിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.