തൻവറിന്റെ നാടകീയ മടക്കം കോൺഗ്രസ് തിരക്കഥയിൽ
Mail This Article
ന്യൂഡൽഹി ∙ ഹരിയാനയിൽ 5 വർഷം മുൻപു കോൺഗ്രസ് വിട്ട അശോക് തൻവറിനെ വോട്ടെടുപ്പിനു തൊട്ടുമുൻപു നാടകീയമായി മടക്കിയെത്തിച്ചത് കൃത്യമായ പദ്ധതിയനുസരിച്ചാണ്. മടങ്ങിയെത്താനുള്ള താൽപര്യം നേരത്തേ തൻവർ അറിയിച്ചിരുന്നെങ്കിലും പരസ്യപ്രചാരണം അവസാനിക്കുന്നതിനു തൊട്ടുമുൻപുള്ള സമയം തിരഞ്ഞെടുത്തത് കോൺഗ്രസിലെ ചില നേതാക്കളുടെ നിർദേശപ്രകാരമാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയിൽനിന്ന് ഇറങ്ങി രാഹുൽ ഗാന്ധിയുടെ പരിപാടിക്കെത്തിയ തൻവറിന്റെ നീക്കം ബിജെപിക്കു മുഖത്തേറ്റ അടിയായി. അമിത് ഷായുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളെ ചാക്കിട്ടുപിടിക്കുന്നതിനുള്ള മറുപടിയെന്ന നിലയിൽ കൂടിയായിരുന്നു നീക്കം. കോൺഗ്രസിന്റെ നിർദേശം അക്ഷരംപ്രതി അനുസരിച്ചതോടെ തൻവറിന്റേത് ഉപാധികളില്ലാത്ത മടക്കവുമായി.
ഹരിയാനയിൽ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിലുള്ള നേതാവായിരുന്നു തൻവർ. ബിജെപിയിൽ ചേർന്നിട്ടു മാസങ്ങളേ ആകുന്നുള്ളൂവെങ്കിലും തൻവറിന്റെ മടങ്ങിവരവിനു കോൺഗ്രസിൽ രണ്ടുതരം വ്യാഖ്യാനമുണ്ട്. ജനപിന്തുണയുള്ള ദലിത് നേതാവായ തൻവറിനെ ഒപ്പംനിർത്തുന്നതിലൂടെ ദലിത് വോട്ടുചോർച്ച പരമാവധി കുറയ്ക്കാം. ബിഎസ്പി, ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടി എന്നിവ ദലിത് വോട്ടുകൾ ലക്ഷ്യമിട്ടിരിക്കെ വിശേഷിച്ചും.
സംസ്ഥാന അധ്യക്ഷനായിരിക്കെ തൻവറിന്റെ നേതൃത്വത്തെ എതിർത്ത ഭൂപീന്ദർ ഹൂഡ മടങ്ങിവരവു തടഞ്ഞില്ലെന്നതു കൗതുകകരമാണ്. ജാട്ട് നേതാവായ ഹൂഡയ്ക്കെതിരെ പാർട്ടിയിൽ കലാപമുയർത്തുന്ന ദലിത് നേതാവായ സെൽജയ്ക്കുള്ള മറുപടിയെന്ന നിലയിലാണ് തൻവറിന്റെ വരവിനെ ഹൂഡ അനുകൂലിക്കുന്നത്.
എൻഎസ്‌യു, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന തൻവർ ഒരുകാലത്തു രാഹുലിന്റെ വിശ്വസ്തനായിരുന്നു.