ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ടത് 31 മാവോയിസ്റ്റുകൾ; തിരച്ചിൽ തുടരുന്നു
Mail This Article
ദന്തേവാഡ ∙ ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി. തിരച്ചിൽ തുടരുകയാണ്. പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി (പിഎൽജിഎ) പ്രവർത്തകരാണു കൊല്ലപ്പെട്ടതെന്നാണു വിവരം. ഏറ്റുമുട്ടലിൽ ജില്ലാ റിസർവ് ഗാർഡിലെ ഒരു സൈനികനും പരുക്കേറ്റു.
നാരായൺപുർ, ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലെ വനമേഖലയായ അബുജ്മദിലെ തുൽതുലി, നെൻഡൂർ, ഗോവൽ ഗ്രാമങ്ങളിൽ വെള്ളിയാഴ്ച രാത്രി ഒരുമണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രത്യേക ദൗത്യസംഘവും ജില്ലാ റിസർവ് ഗാർഡും ഉൾപ്പെടെ 1,500 ഭടന്മാർ 48 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ പങ്കെടുത്തു. 12 കിലോമീറ്റർ കുന്നുകയറിയും തുടർന്ന് ചെളിനിറഞ്ഞ പ്രദേശത്തുകൂടി 10 കിലോമീറ്റർ സഞ്ചരിച്ചുമാണ് സേന മാവോയിസ്റ്റുകളുടെ ഒളിയിടങ്ങളിൽ എത്തിയത്.
സംസ്ഥാനം രൂപീകൃതമായശേഷം ഇത്രയധികം മാവോയിസ്റ്റുകൾ കൊല്ലപ്പെടുന്നത് ആദ്യമാണ്. കഴിഞ്ഞ ഏപ്രിൽ 16ന് കാങ്കറിൽ 29 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഈവർഷം ഇതുവരെ ബസ്തർ മേഖലയിൽ മാത്രം 188 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.