ADVERTISEMENT

ന്യൂഡൽഹി ∙ സെബി മേധാവി മാധബി പുരി ബുച്ചിനെ വിളിച്ചുവരുത്താൻ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) തീരുമാനിച്ചത് ബിജെപി അംഗങ്ങളുടെ ശക്തമായ എതിർപ്പു മറികടന്ന്. 24നു നടക്കുന്ന യോഗത്തിൽ മാധബി ഹാജരാകണമെന്നും സെബി അടക്കമുള്ള ഏജൻസികളുടെ പ്രവർത്തനം അവലോകനം ചെയ്യുമെന്നും അജൻഡയിൽ വ്യക്തമായിരുന്നു. പിഎസി അധ്യക്ഷൻ കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ബിജെപി അംഗങ്ങൾ ഇതിൽ കടുത്ത വിയോജിപ്പ് ഉയർത്തി.

പാർലമെന്റ് നൽകിയ അധികാരങ്ങൾ ദുരുപയോഗിച്ചെന്നു ബോധ്യപ്പെട്ടാൽ മാത്രമേ നിയന്ത്രണ ഏജൻസികളെ വിളിച്ചുവരുത്താനാകൂവെന്നും മാധബി ബുച്ചിനെതിരെയുള്ളതു വ്യക്തിപരമായ ആരോപണങ്ങളാണെന്നുമായിരുന്നു ബിജെപി നിലപാട്. സെബി അധ്യക്ഷയെന്ന നിലയിൽ അവരെ വിളിക്കേണ്ട സാഹചര്യമില്ലെന്നും വാദിച്ചു. എന്നാൽ, സെബി അധ്യക്ഷ ഹാജരാകണമെന്നു നിർദേശിക്കാൻ പിഎസിക്ക് അധികാരമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വേണുഗോപാൽ ബിജെപിയുടെ എതിർപ്പു തള്ളിയതെന്നാണു വിവരം. മാധബി ബുച്ച് പിഎസിക്കു മുൻപാകെ എത്തുമ്പോൾ ഹിൻഡൻബർഗ് വിവാദത്തെക്കുറിച്ചുൾപ്പെടെ ചോദ്യങ്ങളുയരുമെന്ന് ഉറപ്പാണ്.

മാധബി ബുച്ചിനെ വിളിച്ചുവരുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വേണുഗോപാലിനെതിരെ പിഎസിയിലെ ബിജെപി അംഗം നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്കു കത്തു നൽകി. കേന്ദ്ര സർക്കാരിനെ അപകീർത്തിപ്പെടുത്താനും രാജ്യത്തിന്റെ സമ്പദ്ഘടനയെ അസ്ഥിരപ്പെടുത്താനുമാണ് പിഎസിയെ ഉപയോഗിച്ചു വേണുഗോപാൽ ശ്രമിക്കുന്നതെന്ന് ദുബെ ആരോപിച്ചു. അദാനിക്കുവേണ്ടിയാണു ബിജെപി അംഗത്തിന്റെ വിമർശനമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു.

English Summary:

Parliament's Public Accounts Committee Summons Madhabi Puri Buch Amid BJP Opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com