സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റ്; ജാനി മാസ്റ്ററുടെ പുരസ്കാരം റദ്ദാക്കി
Mail This Article
ന്യൂഡൽഹി ∙ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ തെലുങ്ക് നൃത്തസംവിധായകൻ ഷെയ്ഖ് ജാനി ബാഷയ്ക്ക് (ജാനി മാസ്റ്റർ) പ്രഖ്യാപിച്ചിരുന്ന ദേശീയ ചലച്ചിത്ര പുരസ്കാരം കേന്ദ്രം റദ്ദാക്കി.
ഒക്ടോബർ 8നു ഡൽഹിയിൽ നടക്കുന്ന ചലച്ചിത്ര അവാർഡ്ദാന ചടങ്ങിലേക്കു നൽകിയിരുന്ന ക്ഷണവും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പിൻവലിച്ചു. ആരോപണത്തിന്റെ ഗൗരവവും പൊലീസ് നടപടിയും കണക്കിലെടുത്താണിത്. 2022ലെ മികച്ച നൃത്തസംവിധാനത്തിനുള്ള പുരസ്കാരമാണു ജാനി മാസ്റ്റർക്ക് ലഭിക്കേണ്ടിയിരുന്നത്.
അസിസ്റ്റന്റ് നൃത്തസംവിധായികയായി ഒപ്പം പ്രവർത്തിച്ച യുവതിയുടെ പരാതിയിലാണ് ഏതാനും ആഴ്ചകൾക്കു മുൻപ് ജാനി മാസ്റ്റർ അറസ്റ്റിലായത്. അതിജീവിത പ്രായപൂർത്തിയാകുന്നതിനു മുൻപും പീഡനം നടന്നുവെന്നു പരാതിയിൽ പറയുന്നതിനാൽ പോക്സോ കേസാണു ചുമത്തിയിരിക്കുന്നത്.
അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാനായി 5 ദിവസത്തേക്ക് ഹൈദരാബാദിലെ കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ജാനി മാസ്റ്റർ ജനുവരിയിൽ ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയിൽ (ജെഎസ്പി) ചേർന്നിരുന്നു.
അറസ്റ്റിനെത്തുടർന്ന് പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്ന് ജെഎസ്പി നിർദേശം നൽകിയിട്ടുണ്ട്. ധനുഷ്, നിത്യ മേനോൻ തുടങ്ങിയവർ അഭിനയിച്ച ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രത്തിലെ നൃത്തസംവിധാനത്തിനായിരുന്നു ദേശീയ പുരസ്കാരം. സെപ്റ്റംബർ 16ന് ആണു യുവതി ആരോപണം ഉയർത്തിയത്. സിനിമാ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽവച്ചു പീഡിപ്പിച്ചെന്നാണു പരാതി.