ഹരിയാന: കോൺഗ്രസെങ്കിൽ ഭൂപീന്ദറിന് മൂന്നാമൂഴം; ബിജെപിയിലും 2 പേരുകൾ
Mail This Article
ന്യൂഡൽഹി ∙ എക്സിറ്റ് പോൾ ഫലങ്ങൾ ശരിയായി വന്നാൽ കോൺഗ്രസിലെ ഭൂപീന്ദർ ഹൂഡ ഹരിയാനയിൽ മൂന്നാംവട്ടം മുഖ്യമന്ത്രിയാകും. ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു നേതാക്കൾ ആവർത്തിച്ചുപറയുമ്പോഴും ഭൂപീന്ദർ ഏറക്കുറെ ഉറപ്പിച്ചുവെന്നതു കോൺഗ്രസിലെ രഹസ്യം.
കോൺഗ്രസ്
2005 മുതൽ 2014 മുതൽ ഹരിയാന ഭരിച്ച ജാട്ട് വിഭാഗക്കാരനായ ഭൂപീന്ദർ ഹൂഡയ്ക്കൊപ്പം നിൽക്കുന്ന മറ്റൊരു നേതാവ് കോൺഗ്രസിലെന്നല്ല, ഹരിയാനയിൽത്തന്നെയില്ല. പ്രതികൂല കാലാവസ്ഥയിലും 2019 ൽ 31 സീറ്റുമായി കരുത്തു തെളിയിച്ച നേതാവാണ്. ഹൂഡ പക്ഷത്തിനു വ്യക്തമായ മുൻകൈ ലഭിച്ച സ്ഥാനാർഥി നിർണയത്തോടെ അദ്ദേഹം കൂടുതൽ ശക്തനാണെന്നു തെളിഞ്ഞു. മകനും റോത്തക്ക് എംപിയുമായ ദീപേന്ദർ സിങ് ഹൂഡയെ നായകത്വം ഏൽപിക്കണമെന്ന മുറവിളിയുണ്ടെങ്കിലും തൽക്കാലം താൻ തന്നെയെന്ന നിലപാടിലാണ് ഭൂപീന്ദർ. അതൃപ്തി പ്രകടമാക്കിയ എഐസിസി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ ദലിത് മുഖവുമായ കുമാരി സെൽജ പൂർണമായും വിട്ടുകൊടുത്തിട്ടില്ല.
ഹൈക്കമാൻഡ് ശക്തമായ നിലപാട് എടുത്തില്ലെങ്കിൽ സെൽജയ്ക്കു നറുക്കുവീഴില്ല. എന്നാൽ, ഉപമുഖ്യമന്ത്രി പദത്തിലേക്കു സെൽജയെ പരിഗണിച്ചേക്കാം. താനും അർഹനെന്നു രൺദീപ് സിങ് സുർജേവാല സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെടില്ലെന്ന് ഉറപ്പ്.
ബിജെപി
ഹാട്രിക് ജയമെന്ന സ്വപ്നതുല്യമായ നേട്ടമാണു ബിജെപി മോഹിക്കുന്നതെങ്കിലും എക്സിറ്റ്പോൾ ഫലങ്ങൾ അനുകൂലമല്ല. മുഖ്യമന്ത്രി നായബ് സിങ് സെയ്നി തന്നെ തുടരുമെന്നു പാർട്ടി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബിജെപിക്കു മുൻതൂക്കം ലഭിച്ചാൽ മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന നേതാവുമായ അനിൽ വിജും അവകാശവാദം ഉന്നയിച്ചേക്കും. 2014–ൽ മനോഹർ ലാൽ ഖട്ടറിനെ പാർട്ടി മുഖ്യമന്ത്രിയാക്കിയപ്പോഴും കഴിഞ്ഞ ഏപ്രിലിൽ സെയ്നിയെ ചുമതലയേൽപ്പിച്ചപ്പോഴും പരിഗണിക്കപ്പെടാതെ പോയതിലെ അതൃപ്തി വിജ് പ്രകടിപ്പിച്ചിട്ടുണ്ട്. ചുമതല ഏൽപിച്ചാൽ ഹരിയാനയെ മാറ്റുമെന്ന് വ്യക്തമാക്കി വിജ് മോഹം പ്രകടമാക്കിക്കഴിഞ്ഞു.
മറ്റാരെങ്കിലും?
കഴിഞ്ഞ തവണ സർക്കാർ രൂപീകരണത്തിൽ നിർണായകമായത് ജെജെപിയുടെയും അവരുടെ നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെയും നിലപാടായിരുന്നു. ഉപമുഖ്യമന്ത്രിപദം സ്വീകരിച്ച് ബിജെപിയെ തുണച്ച ദുഷ്യന്തിന് ഇക്കുറി ശുഭസൂചനകളില്ല. അതേസമയം, ഐഎൻഎൽഡി നില മെച്ചപ്പെടുത്താനാണു സാധ്യത. അപ്പോഴും നിർണായകമായില്ലെങ്കിൽ ഐഎൻഎൽഡിയിലെ അഭയ് സിങ് ചൗട്ടാലയ്ക്കും കാഴ്ചക്കാരനാകേണ്ടി വരും.