ADVERTISEMENT

ന്യൂ‍ഡൽഹി ∙ മുഖ്യമന്ത്രിയാകാനില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ ഒരു നേതാവേ ഇക്കുറി ജമ്മു കശ്മീരിൽ ഉള്ളൂ– നാഷനൽ കോൺഫറൻസ് ചെയർമാൻ ഫാറൂഖ് അബ്ദുല്ല. ഭരണം ഇന്ത്യാസഖ്യത്തിനു ലഭിക്കുകയും എൻസി സർക്കാരിനെ നയിക്കുകയും ചെയ്താൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മാത്രമേയുള്ളുവെന്ന് അർഥം. 

എക്സിറ്റ് പോളുകൾ നൽകുന്ന സൂചന പ്രകാരം ഇന്ത്യാസഖ്യത്തിനു വ്യക്തമായ മേൽക്കൈ ഇല്ലാതിരിക്കുകയും പിഡിപി സർക്കാർ രൂപീകരണത്തിൽ നിർണായകമാകുകയും ചെയ്താൽ മെഹബൂബ മുഫ്തി കിങ് മേക്കറാകും. മത്സരിച്ചില്ലെങ്കിലും കളത്തിലിറങ്ങും. മത്സരത്തിനു മകളെ ഇറക്കിയ മെഹബൂബയുടെ തീരുമാനം ഇന്ത്യാസഖ്യത്തിനൊപ്പമായിരിക്കും എന്നാണു വിവരം. നേരത്തേ ബിജെപിയുമായി ചേർന്നു ഭരിച്ചതു തെറ്റായിരുന്നുവെന്ന ബോധ്യം അവർക്കുണ്ട്. മുഖ്യമന്ത്രി മോഹവുമായി മെഹബൂബയോ ഉപമുഖ്യമന്ത്രിയായി മകൾ ഇൽതിജ മുഫ്തിയോ പിഡിപിയുടെ മനസ്സിലുണ്ട്. പിഡിപിയുമായി സഹകരിക്കുന്നതിനെ എതിർത്തിരുന്ന എൻസി എക്സിറ്റ്പോളിനു പിന്നാലെ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. പിഡിപിയുമായി എന്തുകൊണ്ടു സഖ്യമുണ്ടായിക്കൂടാ എന്നായിരുന്നു ഇന്നലെ ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം. പിഡിപി നേതാക്കളും സമാന നിലപാടിലാണ്. 

മത്സരിച്ച സീറ്റുകളുടെ എണ്ണത്തിൽ എൻസിയുടെ പിന്നിലുള്ള കോൺഗ്രസിൽനിന്ന് മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപമുഖ്യമന്ത്രി പദമാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹാമിദ് കറ്ര, മുൻ അധ്യക്ഷൻ വികാർ റസൂൽ എന്നിവർക്കാണു മുൻഗണന. 

സ്വതന്ത്രരുടെ പിന്തുണയോടെ സർക്കാരുണ്ടാക്കാമെന്നാണു ബിജെപിയുടെ പ്രതീക്ഷ. അങ്ങനെ വന്നാൽ, പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്നയ്ക്കാകും നറുക്കുവീഴുക. പിഡിപി–ബിജെപി സഖ്യസർക്കാരിൽ ഉപമുഖ്യമന്ത്രിമാരായിരുന്ന കവിന്ദർ ഗുപ്ത, നിർമൽ സിങ് എന്നിവരും പരിഗണിക്കപ്പെട്ടേക്കും. 

English Summary:

Jammu and Kashmir Assembly Elections 2024 Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com