ഹരിയാനയിൽ തോൽവിക്ക് 4 കാരണങ്ങൾ
Mail This Article
തമ്മിലടിച്ച് ഹൂഡ–സെൽജ
ഭൂപീന്ദർ ഹൂഡ ചിന്തിച്ചിടത്താണ് ഹരിയാനയിൽ കോൺഗ്രസ് നിന്നത്. ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ പോലും നടപ്പാകാൻ പ്രയാസമുണ്ടായി. ഇന്ത്യാസഖ്യമായി മത്സരിക്കാനുള്ള നിർദേശം ഉദാഹരണം. ഹൂഡയുടെ ഏകപക്ഷീയ തീരുമാനങ്ങളിൽ മുറിവേറ്റ്, അതൃപ്തി പരസ്യമാക്കിയിറങ്ങിയതും കുമാരി സെൽജയാണ്.
ചേരിതിരിഞ്ഞു പോരടിക്കുന്ന നേതാക്കളുടെ കൂടാരമാണ് ഹരിയാനയെന്നതു തിരഞ്ഞെടുപ്പിനിടെ കൂടുതൽ വെളിവായി. സ്വന്തം ശക്തി ഉറപ്പിക്കാനുള്ള പോരാട്ടം പ്രത്യേക റാലികളിലും സ്ഥാനാർഥി നിർണയത്തിലും തുടങ്ങിയപ്പോൾ പ്രചാരണത്തിലും അതു പ്രതിഫലിച്ചു. സെൽജ രണ്ടാഴ്ച പ്രചാരണത്തിൽനിന്നു വിട്ടുനിൽക്കുക പോലും ചെയ്തു.
ജാട്ടിതര ധ്രൂവീകരണം
ഹൂഡയെ മുന്നിൽനിർത്തിയുള്ള പോരാട്ടത്തോടെ ജാട്ട്–ജാട്ടിതര ധ്രൂവീകരണം ശക്തിപ്പെട്ടു. വീണ്ടും ജാട്ട് നേതാവ് മുഖ്യമന്ത്രിയാകുമെന്ന പ്രതീതിയിൽ ജാട്ടിതര വോട്ടുകൾ കോൺഗ്രസിന് എതിരായി.
ദലിത് നേതാവായ സെൽജയെ പാർട്ടിയിൽ ഒതുക്കുന്നുവെന്ന പ്രതീതിയും ഐഎൻഎൽഡി–ബിഎസ്പി, ജെജെപി–എഎസ്പി എന്നിവർ നടത്തിയ രാഷ്ട്രീയ പരീക്ഷണവും കോൺഗ്രസിനെ സഹായിക്കേണ്ടിയിരുന്ന ദലിത് വോട്ടുകൾ അകലാൻ കാരണമായി. മുഖ്യമായും ഒബിസി വോട്ടുകളെ ആശ്രയിച്ച ബിജെപി നില ഭദ്രമാക്കി.
അസംതൃപ്തരുടെ ബാഹുല്യം
പാർട്ടിയിലെ അസംതൃപ്തി തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേ തുടങ്ങി. ഹൂഡയ്ക്കെതിരെ കലാപക്കൊടി ഉയർത്തി മുതിർന്ന നേതാവ് കിരൺ ചൗധരിയും മകളും പാർട്ടി വിട്ടത് ഉദാഹരണം. ഹൂഡയ്ക്കൊപ്പമുള്ളവർക്കു മാത്രം സീറ്റെന്ന സ്ഥിതിയിൽ അതൃപ്തി ശക്തമായി. ഹരിയാനയുടെ ചുമതല വഹിച്ച എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബ്രിയ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന പരാതി ഉയർന്നു. അതിനെല്ലാം ഉപരിയായി സ്ഥാനാർഥിമോഹികളായി 2,565 അപേക്ഷയെത്തി.
സീറ്റ് കിട്ടാത്തവർ സ്വതന്ത്ര സ്ഥാനാർഥികളായി മാറുകയോ പാലംവലിക്കുകയോ ചെയ്തു. അമിത ആത്മവിശ്വാസത്തോടെ പെരുമാറിയ നേതൃത്വം വിമതരെ അനുനയിപ്പിക്കുന്നതിൽ വീഴ്ച വരുത്തി. ലോക്സഭയിലെ മികച്ച വിജയം കോൺഗ്രസിനെ കൂടുതൽ അലസരാക്കിയെന്ന വിമർശനവുമുണ്ട്.
ഡിസിസിയില്ല, മണ്ഡലം കമ്മിറ്റിയും
എഐസിസിയുടെ നേരിട്ടുള്ള നിരീക്ഷകരും പരിശീലകരുമുണ്ടായിരുന്നെങ്കിലും കോൺഗ്രസിന്റെ പരമ്പരാഗത ശക്തിയായ ഡിസിസികൾ, ബ്ലോക്ക്–മണ്ഡലം കമ്മിറ്റികൾ തുടങ്ങിയ സംഘടനസംവിധാനമില്ലാതെയാണ് ദീർഘകാലമായി ഹരിയാനയിൽ കോൺഗ്രസിന്റെ പ്രവർത്തനം. പിസിസി അധ്യക്ഷനും ഭാരവാഹികളും ഹൂഡ പക്ഷക്കാരായതോടെ ഓരോ നേതാവിനെയും ചുറ്റിയുള്ള ആൾക്കൂട്ടമായി പാർട്ടി.