മലർത്തിയടിച്ച് ‘സെയ്നിക’ വിജയം; വ്യക്തിപ്രഭാവവും ജനപ്രിയനയങ്ങളും തുണയായി
Mail This Article
ന്യൂഡൽഹി ∙ ഹരിയാനയിൽ ബിജെപിയുടേതു ‘സെയ്നിക’ വിജയം. മോദിപ്രഭാവം ഇല്ലാതെ, മുഖ്യമന്ത്രി നായബ് സിങ് സെയ്നിയുടെ നേതൃത്വത്തിലാണു ബിജെപി ഗോദയിലിറങ്ങിയത്. കർഷക രോഷം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, തൊഴിലില്ലായ്മ, അഗ്നിവീർ പദ്ധതിക്കെതിരായ വികാരം തുടങ്ങിയ പ്രതികൂല ഘടകങ്ങൾക്കൊപ്പം സീറ്റ് നിഷേധിക്കപ്പെട്ട വിമതരുടെ പ്രതിഷേധം കൂടിയായതോടെ യുദ്ധം തുടങ്ങും മുൻപു തന്നെ തോറ്റതായി വിലയിരുത്തലുണ്ടായി.
-
Also Read
ഹരിയാനയിൽ തോൽവിക്ക് 4 കാരണങ്ങൾ
പക്ഷേ, ആ പൂട്ടുകളിൽ നിന്നെല്ലാം വഴുതി മാറി, എതിരാളിയെ മലർത്തിയടിച്ച് നെഞ്ചും വിരിച്ചു നിൽക്കുകയാണു ഹരിയാനയിലെ രാഷ്ട്രീയ അഖാഡയിൽ നായബ് സിങ് സെയ്നിയും ബിജെപിയും. ഇക്കൊല്ലം മാർച്ചിലാണു മനോഹർ ലാൽ ഖട്ടറിനെ മാറ്റി, ബിജെപി നായബ് സിങ് സെയ്നിയെ മുഖ്യമന്ത്രിയാക്കിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ചെറുതല്ലാത്ത ചലനമുണ്ടാക്കാൻ സെ്യനിക്കു കഴിഞ്ഞു.
1.5 ലക്ഷം താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതും കർഷകർക്കും ഒബിസി വിഭാഗങ്ങൾക്കും വനിതകൾക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും പ്രകടന പത്രികയിൽ അഴിമതിരഹിത സർക്കാർ നിയമനങ്ങൾ വാഗ്ദാനം ചെയ്തും സെയ്നി ചലനമുണ്ടാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നു പാഠമുൾക്കൊണ്ട്, താഴെത്തട്ടിൽ പ്രവർത്തിക്കാനും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും സാധിച്ചു.
പച്ചരിയുടെ കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതും 20% കയറ്റുമതി തീരുവ ഒഴിവാക്കിയതും കർഷകരുടെ എതിർപ്പ് സാരമായി കുറയാനിടയാക്കി. മനോഹർ ലാൽ ഖട്ടർ പ്രവർത്തകരിൽ നിന്നും സാധാരണക്കാരിൽ നിന്നും അകന്നുവെന്ന പൊതുവികാരമുണ്ടായിരുന്നു.
ഖട്ടറിന്റെ വിശ്വസ്തനാണെങ്കിലും നേരെ വിപരീതമായിരുന്നു സെയ്നി. ടിക്കറ്റ് നിഷേധിക്കപ്പെട്ടതിൽ നിരാശരായ ഒട്ടേറെ നേതാക്കളെയും വിമത സ്ഥാനാർഥികളെയും നേരിട്ടു കണ്ട് സമാധാനിപ്പിച്ച ‘സെയ്നിക’ തന്ത്രവും നിർണായകമായി.
എളിയ തുടക്കം
ന്യൂഡൽഹി ∙ നിയമബിരുദധാരിയായ സെയ്നി, പാർട്ടി ആസ്ഥാനത്തു കംപ്യൂട്ടർ ഓപ്പറേറ്ററായാണു തുടങ്ങിയത്. 2002 ലും 2005 ലും യുവമോർച്ച അംബാല ജില്ലാ പ്രസിഡന്റായി. 2009 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റു. 2014 ൽ നാരായൺഗഢിൽ നിന്ന് നിയമസഭാംഗമായി. 2015 മുതൽ 2019 വരെ ഖട്ടർ മന്ത്രിസഭയിൽ മന്ത്രിയായി. 2019 ൽ കുരുക്ഷേത്രയിൽ നിന്നു ലോക്സഭയിലേക്കു ജയം. 2023 ൽ, ബിജെപി സംസ്ഥാന പ്രസിഡന്റ് ആയത് സെയ്നിയുടെ രാഷ്ട്രീയ ഭാവിയുടെ ചൂണ്ടുപലകയായിരുന്നു.