ADVERTISEMENT

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും റദ്ദാക്കിയ കേന്ദ്ര നടപടിയോടുള്ള ജനങ്ങളുടെ പ്രതികരണമായാണു തിരഞ്ഞെടുപ്പുഫലം പൊതുവേ വിലയിരുത്തപ്പെടുന്നത്. ജമ്മു മേഖലയിലേറെയും ബിജെപിക്കൊപ്പം നിന്നപ്പോൾ കശ്മീർ ബിജെപി വിരുദ്ധ പക്ഷത്താണു വോട്ട് ചെയ്തത്. പിഡിപിക്കു ശക്തി ചോർന്നപ്പോൾ, നാഷനൽ കോൺഫറൻസ് (എൻസി) മികച്ച വിജയം നേടി. ജമ്മു മേഖലയിൽ കോൺഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല.

നാഷനൽ കോൺഫറൻസ്–കോൺഗ്രസ് സഖ്യം യഥാക്രമം 51, 32 സീറ്റുകളിലാണു മത്സരിച്ചത്. 5 സീറ്റുകളിൽ ഇരുകക്ഷികളും സൗഹൃദ മത്സരവും നടത്തി. സിപിഎമ്മിനും നാഷനൽ പാന്തേഴ്സ് പാർട്ടിക്കും ഓരോ സീറ്റു വീതം നൽകി. 90 അംഗ നിയമസഭയിൽ കശ്മീരിൽ 40 സീറ്റിലും ജമ്മുവിൽ 7 സീറ്റിലുമാണ് എൻസി മത്സരിച്ചത്. കോൺഗ്രസ് കശ്മീരിൽ 7 സീറ്റിലും ജമ്മുവിൽ 25 സീറ്റിലും മത്സരിച്ചു. കശ്മീരിൽ ബിജെപി 19 സ്ഥാനാർഥികളെയും ജമ്മുവിൽ 43 സ്ഥാനാർഥികളെയും നിർത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുവിൽ 4 റാലികളിലാണു പ്രസംഗിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ 13 റാലികളിലും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പ്രചാരണത്തിനെത്തി.

രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ പ്രസംഗിച്ച ഒട്ടേറെ റാലികളാണു കോൺഗ്രസ് സംഘടിപ്പിച്ചത്. എൻസി നേതാക്കളായ ഒമർ അബ്ദുല്ലയും ഫാറൂഖ് അബ്ദുല്ലയും മണ്ഡലങ്ങൾ തോറും സ‍ഞ്ചരിച്ചു ശക്തമായ പ്രചാരണമാണു നടത്തിയത്. ഒമർ മത്സരിച്ച രണ്ടിടത്തും ജയിച്ചു.

കശ്മീരിനു പ്രത്യേകപദവി നൽകിയ ഭരണഘടനയുടെ 370–ാം വകുപ്പിന്റെ പുനഃസ്ഥാപനം, കശ്മീരിലെ ഭൂമിയും ജോലികളും പുറത്തുനിന്നുള്ളവർക്കു നൽകുന്നതു തടയൽ എന്നീ വിഷയങ്ങളിലാണ് എൻസിയുടെ പ്രചാരണം ഊന്നിയത്. പ്രകടനപത്രികയിൽ സൗജന്യവൈദ്യുതിയും ഒരു ലക്ഷം തൊഴിലും വാഗ്ദാനം ചെയ്തിരുന്നു. പിഡിപിയുടെ പ്രകടനപത്രിക എൻസിയുടേതിനു സമാനമായിരുന്നു. സംസ്ഥാനപദവി തിരിച്ചുനൽകുമെന്നും കശ്മീരികളുടെ തൊഴിൽസുരക്ഷ ഉറപ്പുവരുത്തുമെന്നുമാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തത്. എന്നാൽ, 370–ാം വകുപ്പു റദ്ദാക്കിയതിന്റെ നേട്ടങ്ങളിലാണ് ബിജെപി ഊന്നിയത്. ജമ്മു കശ്മീരിൽ സമാധാനവും വികസനവും കൊണ്ടുവന്നെന്നും അവകാശപ്പെട്ടു. 

കാടടച്ചു പ്രചാരണം നടത്തിയ ബിജെപി സ്വന്തം ശക്തികേന്ദ്രങ്ങൾ നിലനിർത്തിയതിനൊപ്പം 4 സീറ്റ് അധികം നേടുകയും ചെയ്തു. അതേസമയം ജമ്മുവിലെ 7 സീറ്റടക്കം നാഷനൽ കോൺഫറൻസ് 42 സീറ്റുകളാണു നേടിയത്. കോൺഗ്രസിന് 6 സീറ്റ് കിട്ടി; ഇതോടെ ഇരുപാർട്ടികളും ചേർന്നു സർക്കാരുണ്ടാക്കാനുള്ള 48 സീറ്റ് സ്വന്തമാക്കി. പിഡിപി 3 സീറ്റിൽ ഒതുങ്ങി.

എൻജിനീയർ റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടി (എഐപി) ഒരു സീറ്റിൽ ജയിച്ചു. ജയിലിലായിരുന്ന റഷീദിനെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ജാമ്യത്തിൽ വിട്ടത് എൻസി–കോൺഗ്രസ് വോട്ട് പിളർത്താനുള്ള ബിജെപി തന്ത്രമാണെന്ന് ആരോപണമുയർന്നിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ജനവിധിയാണിതെന്ന് നാഷനൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുല്ല പ്രതികരിച്ചു. 

കനലൊരു ‘തരി’ഗാമി

ന്യൂഡൽഹി ∙ കാറും കോളും മാറി വീശിയ കശ്മീരിൽ മാറ്റമില്ലാത്തതു സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് യൂസുഫ് തരിഗാമിയുടെ ജയത്തിനാണ്. 10 വർഷത്തിനുശേഷം നടന്ന തിര‍ഞ്ഞെടുപ്പിലും പഴയ പകിട്ടോടെ 33,634 വോട്ടുനേടി തരിഗാമി ജയമുറപ്പിച്ചു. 7838 വോട്ടിന്റെ ഭൂരിപക്ഷം. 

പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ വീട്ടുതടങ്കലിലാക്കപ്പെട്ട തരിഗാമി നാഷനൽ കോൺഫറൻസ്, കോൺഗ്രസ് പാർട്ടികളുടെ ഇന്ത്യാസഖ്യം സ്ഥാനാർഥിയായാണ് മത്സരിച്ചത്. 1996 മുതൽ ജന്മദേശമായ കുൽഗാമിനെ തരിഗാമി പ്രതിനിധീകരിക്കുന്നു. 2002ൽ മാത്രമാണ് സിപിഎമ്മിനു ജമ്മു കശ്മീരിൽ 2 പേരെ ജയിപ്പിക്കാനായത്.

English Summary:

BJP without loss of power in Jammu, NC in Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com