ചെറുപാർട്ടികൾക്ക് കഷ്ടകാലം; തകർന്നടിഞ്ഞ് ജെജെപി, ഐഎൻഎൽഡിക്ക് നേരിയ ആശ്വാസം
Mail This Article
ന്യൂഡൽഹി ∙ പാർട്ടി രൂപീകരണത്തിനു ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പിൽ മിന്നുംജയത്തോടെ ഹരിയാനയിലെ സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ജെജെപി 5 വർഷത്തിനുശേഷം ഒരു ശതമാനം വോട്ടുപോലും നേടാനാകാതെ തകർന്നടിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലും ഏറക്കുറെ സമാനപരാജയമാണ് പാർട്ടി നേരിട്ടത്.
-
Also Read
ഹരിയാനയിൽ തോൽവിക്ക് 4 കാരണങ്ങൾ
2019 ൽ 14.8% വോട്ടും 10 സീറ്റും നേടിയതു വഴി സർക്കാർ രൂപീകരണത്തിൽ നിർണായകമായ ജെജെപി, ബിജെപിയെ തുണച്ചു. പാർട്ടി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ബിജെപി ബന്ധം ഉപേക്ഷിച്ചു.
അപ്പോഴേക്കും ജെജെപി ക്ഷയിച്ചു; അതിന്റെ നേട്ടം ബിജെപി കൊയ്യുകയും ചെയ്തു. തട്ടകമായ ഉച്ചാന കലാനിൽ കെട്ടിവച്ച കാശുപോയ ദുഷ്യന്ത്, 7,950 വോട്ടുമായി അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ദുഷ്യന്തിന്റെ മുത്തച്ഛൻ ഓം പ്രകാശ് ചൗട്ടാലയും പിതൃസഹോദരൻ അഭയ് സിങ് ചൗട്ടാലയും നേതൃത്വം നൽകുന്ന ഐഎൻഎൽഡിക്കു നേരിയ ആശ്വാസത്തിനു വകയുണ്ട്. 2019ലെ 2.44% വോട്ടും ഒരു സീറ്റുമെന്നത് ഇക്കുറി 4.14% വോട്ടും 2 സീറ്റുമാക്കി.
പല മണ്ഡലങ്ങളിലും ഐഎൻഎൽഡി സ്ഥാനാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഐഎൻഎൽഡി– ജെജെപി ലയനം സാധ്യമാകാതെ ഇരുപാർട്ടികൾക്കും രാഷ്ട്രീയ നിലനിൽപുണ്ടാകില്ലെന്നതാണ് സ്ഥിതി.
ഇരുപാർട്ടികളുമായി വെവ്വേറെ കൂട്ടുകെട്ടുണ്ടാക്കി മത്സരിച്ച ഉത്തർപ്രദേശ് പാർട്ടികളായ ബിഎസ്പി, ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടികൾക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കഴിഞ്ഞതവണ ഒറ്റയ്ക്ക് 4.21% വോട്ടുനേടിയ ബിഎസ്പി സഖ്യത്തിൽ മത്സരിച്ചപ്പോൾ വോട്ടുശതമാനം 1.82% ആയി കുറഞ്ഞു.
ഹരിയാന: 14 മണ്ഡലങ്ങളിൽ അട്ടിമറിയെന്ന് കോൺഗ്രസ്
ന്യൂഡൽഹി ∙ ഹരിയാനയിൽ 14 മണ്ഡലങ്ങളിൽ അട്ടിമറിയെന്ന് കോൺഗ്രസ് ആരോപിച്ചു. വോട്ടിങ് യന്ത്രത്തിലും വോട്ടെണ്ണൽ പ്രക്രിയയിലും കൃത്രിമം ആരോപിച്ച് തിരഞ്ഞെടുപ്പു കമ്മിഷനെയും ആവശ്യമെങ്കിൽ സുപ്രീം കോടതിയെയും സമീപിക്കാനാണു തീരുമാനം.
ഹരിയാനയിലെ ഫലം അംഗീകരിക്കാൻ കഴിയില്ലെന്നും അവിടെ ജനവികാരം വ്യത്യസ്തമായിരുന്നെന്നുമാണ് കോൺഗ്രസ് നിലപാട്. തിരഞ്ഞെടുപ്പു കമ്മിഷൻ ലീഡ്നില മനഃപൂർവം വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് വോട്ടെണ്ണലിനിടെത്തന്നെ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കമ്മിഷൻ അധികൃതർക്കു കത്തുനൽകിയിരുന്നു. വാദം തെറ്റാണെന്നു കമ്മിഷൻ മറുപടി നൽകിയെങ്കിലും ബിജെപിയുടേതുപോലെ തരംതാണ നിലയിലാണ് കമ്മിഷൻ പ്രതികരിക്കുന്നതെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി.