സ്വതന്ത്രതന്ത്രത്തിൽ ഹരിയാന പിടിച്ച് ബിജെപി; കശ്മീരിൽ ഏറ്റില്ല
Mail This Article
ന്യൂഡൽഹി ∙ ബിജെപിയുടെ സ്വതന്ത്രതന്ത്രം ഹരിയാനയിൽ വിജയിച്ചു; ജമ്മു കശ്മീരിൽ പരാജയപ്പെട്ടു. ജമ്മു കശ്മീരിലെ സഖ്യവിജയത്തിൽ പരിമിത പങ്കാളിത്തം മാത്രമുള്ള കോൺഗ്രസ്, പരാജയപ്പെട്ട ശൈലി മാറ്റാൻ ഇനിയും പഠിച്ചില്ലെന്നതിന്റെ തെളിവായി ഹരിയാന ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിലെ നഷ്ടത്തിനുശേഷം ഹരിയാനയിലെ ജയം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അത്യാവശ്യമായിരുന്നു. ബിജെപിയുടെ വിജയഗ്രാഫ് താഴേക്ക് എന്നതു പാർട്ടിയുടെയും നേതൃത്വത്തിന്റെയും ശൈലിയെ പരസ്യമായി വിമർശിക്കാൻ പലരും ആയുധമാക്കുന്ന സ്ഥിതിയായിരുന്നു. നിയന്ത്രണച്ചരട് തിരിച്ചുപിടിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നതിന്റെ സൂചനകളുമുണ്ടായി.
ഹരിയാനയിൽ ഇത്തവണ ഭരണം നഷ്ടപ്പെടാമെന്നു ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ തിരിച്ചറിഞ്ഞതാണ്. കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രിയെ മാറ്റി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പകുതി സീറ്റും നഷ്ടപ്പെട്ടു. നിയമസഭ നഷ്ടപ്പെടുമെന്നു പാർട്ടി ഉറപ്പിച്ചു. ലോക്സഭയിൽ നഷ്ടഫലത്തിനു കാരണമായ ഉത്തരേന്ത്യൻ വിഷയങ്ങളിൽ പലതും ഹരിയാനയിലേതുകൂടിയായിരുന്നു.
ഭരണവിരുദ്ധ വികാരത്തെ ഭിന്നിപ്പിക്കാൻ സ്വതന്ത്രരെ പ്രയോജനപ്പെടുത്തുകയെന്ന തന്ത്രമാണ് ബിജെപി ഹരിയാനയിൽ സമർഥമായി പ്രയോഗിച്ചത്. കോൺഗ്രസിനെ ബിജെപി പരാജയപ്പെടുത്തിയ മണ്ഡലങ്ങളിൽ പലതിലെയും വോട്ടുനില അതാണ് സൂചിപ്പിക്കുന്നത്. മറുവശത്ത്, കോൺഗ്രസ് ജയിക്കുകയും ബിജെപി രണ്ടാമതെത്തുകയും ചെയ്ത മണ്ഡലങ്ങളിൽ സ്വതന്ത്രരുടെ സ്വാധീനം നാമമാത്രം.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുടർച്ചയായ ജയമുള്ള മറ്റൊരു സംസ്ഥാനംകൂടി ലഭിച്ചെന്നു ബിജെപി അവകാശപ്പെടും. അയൽസംസ്ഥാനമായ യുപിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ ആഘാതം പരിഗണിക്കുമ്പോഴും ഈ അവകാശപ്പെടലിനു പ്രാധാന്യമുണ്ട്.
സിപിഎമ്മിനു നൽകിയ ഒരു സീറ്റിനപ്പുറം, പൂർണ ഇന്ത്യാസഖ്യമായി മത്സരിക്കാൻ കോൺഗ്രസ് തയാറായിരുന്നെങ്കിൽ ഹരിയാനയിൽ ബിജെപിയുടെ നേട്ടം വലുതാവില്ലായിരുന്നു എന്നതിനു പല മണ്ഡലങ്ങളിലെയും ഭൂരിപക്ഷം തെളിവ്.
2306 വോട്ടിനു കോൺഗ്രസിനെ ബിജെപി പരാജയപ്പെടുത്തിയ അസന്ധ് മണ്ഡലം ഉദാഹരണം. അവിടെ 4290 വോട്ടുമായി ആം ആദ്മി പാർട്ടി മൂന്നാമതെത്തി; 4218 വോട്ടുമായി എൻസിപി (ശരദ് പവാർ) നാലാമതും.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പരാജയപ്പെട്ട കോൺഗ്രസ് രീതിയുടെ ആവർത്തനമാണ് ഹരിയാനയിൽ കണ്ടത്. ലോക്സഭയിൽ നേട്ടം നൽകിയ ഇന്ത്യാസഖ്യത്തെ കൂടുതൽ കെട്ടുറപ്പുള്ളതാക്കാൻ ഹരിയാനയെ കോൺഗ്രസ് പ്രയോജനപ്പെടുത്തിയില്ല. ജാട്ട് വിരുദ്ധത നേരിടാനുൾപ്പെടെ സമാജ്‌വാദി പാർട്ടി നേതാക്കളെയും മറ്റും ലഭിച്ചില്ല. ഫലത്തിൽ, കമൽനാഥ്, ഭൂപേഷ് ബാഗേൽ എന്നിവരുടെ ഗണത്തിലേക്ക് ഭൂപീന്ദർ സിങ് ഹൂഡയ്ക്കു സ്ഥാനത്താഴ്ച ഉണ്ടായിരിക്കുന്നു.
ഇന്ത്യാസഖ്യം രൂപീകരിച്ചശേഷം, ലോക്സഭയ്ക്കു മുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൂട്ടുകെട്ടില്ലാതെ മത്സരിച്ചതു ദോഷമായെന്നു സഖ്യകക്ഷികളിൽനിന്നു കോൺഗ്രസ് വിമർശനം കേട്ടതാണ്. ഇന്നലെയും അതുണ്ടായി. സാമൂഹികനീതി ഉൾപ്പെടെയുള്ള വിഷയങ്ങളുടെ സ്വാധീനശേഷി ഇത്രവേഗം നഷ്ടപ്പെട്ടോ എന്ന ചോദ്യവും ഇനി ഉയരാം.
എന്നാൽ, ജാതിവിഷയം മാറ്റിനിർത്തിയാൽ ബിജെപിവിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കാൻ ഇപ്പോഴും സാധിക്കുമെന്നതിന്റെ തെളിവാണ് ഹരിയാനയെന്നു വോട്ടുശതമാനം എടുത്തുപറഞ്ഞ് കോൺഗ്രസിനു വാദിക്കാം. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും മറ്റുള്ളവർ അത് എത്രത്തോളം വകവയ്ക്കുമെന്നു കാണേണ്ടതുണ്ട്. അടുത്ത ഫെബ്രുവരിയിലെ ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മിയുമായി സഹകരണം പ്രതീക്ഷിക്കേണ്ടതുമില്ല.
ഹരിയാനയിൽ വികസനനയത്തിന്റെ ജയമെന്നു ബിജെപി പറയുമ്പോൾ, ജമ്മു കശ്മീരിലെ ‘നയാ കശ്മീർ’ നയം ജനം തള്ളിക്കളഞ്ഞെന്ന വസ്തുതയും ഒപ്പമുണ്ട്. ജമ്മു കശ്മീരിലും സ്വതന്ത്രരെ പ്രയോജനപ്പെടുത്താൻ ബിജെപി ശ്രമിച്ചെങ്കിലും ഗുണമുണ്ടായില്ല. പ്രത്യേകപദവിയും സംസ്ഥാനപദവിയും ഒഴിവാക്കൽ, മണ്ഡല പുനഃക്രമീകരണം തുടങ്ങിയ നടപടികൾ പരിഗണിച്ചാൽ ഭരണം പിടിക്കാൻ ബിജെപി ഇത്രയേറെ മാറ്റങ്ങൾ നടപ്പാക്കിയ മറ്റൊരു സംസ്ഥാനമില്ല. 370–ാം വകുപ്പിനെ മുഖ്യമുദ്രാവാക്യമാക്കി ജമ്മു കശ്മീരിലെ ഭൂരിപക്ഷം വിധിയെഴുതി എന്നതു ബിജെപിക്ക് നൽകുന്ന വിഷമം വലുതാണ്. ജനസംഘ് കാലം മുതലേ കൊണ്ടുനടക്കുന്നതാണ് 370–ാം വകുപ്പിനോടുള്ള വിരോധം. സുപ്രീം കോടതി വിധി വന്നതോടെ 370–ാം വകുപ്പ് ചരിത്രമായെന്ന നിലപാടുള്ള കോൺഗ്രസ് ഇനി നാഷനൽ കോൺഫറൻസിന്റെ ഭരണപങ്കാളിയാകുമ്പോൾ, 370 പരാമർശിക്കാത്ത പൊതുമിനിമം പരിപാടിയാണോ ഉണ്ടാകുകയെന്നാണ് കാണേണ്ടത്.