3 വിമതർക്ക് ജയം; 2 പേർ മുൻ ബിജെപിക്കാർ; ഒരാൾ കോൺഗ്രസ് വിമതൻ
Mail This Article
ന്യൂഡൽഹി ∙ ഹരിയാനയിൽ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ തലവേദനയായിരുന്നു വിമതർ. സീറ്റ് നൽകാത്തതിനെത്തുടർന്ന് ഇരുപാർട്ടികളുമായി ഇടഞ്ഞു സ്വതന്ത്രരായി മത്സരിച്ചവരിൽ 3 പേരാണു വൻ വിജയം നേടിയത്. ഇതിൽ 2 പേർ ബിജെപി വിമതരും ഒരാൾ കോൺഗ്രസ് വിമതനുമാണ്.
-
Also Read
ഭിവാനിയിൽ സിപിഎമ്മിന് ദയനീയ തോൽവി
ബിജെപി സീറ്റ് നൽകാത്തതിനെത്തുടർന്നാണ് പ്രമുഖ വ്യവസായിയും ബിജെപി എംപി നവീൻ ജിൻഡലിന്റെ അമ്മയുമായ സാവിത്രി ജിൻഡൽ തനിച്ചു മത്സരിച്ചു ജയിച്ചത് (ഭൂരിപക്ഷം: 18,941). ഇതേ മണ്ഡലത്തിൽ ബിജെപിയുടെ മറ്റൊരു വിമതനായ ഗൗതം സർദാന പിടിച്ചത് 6,831 വോട്ടാണ്. ഇതോടെ, തുടർച്ചയായി 2 തവണ ഹിസാറിൽനിന്നു ജയിച്ച ബിജെപി എംഎൽഎ ഡോ.കമൽ ഗുപ്ത മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി.
ബഹദൂർഗഡിൽ കോൺഗ്രസ് വിമതനായ രാജേഷ് ജൂൻ നേടിയത് 41,999 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി മൂന്നാമതായി. ഗനൗറിൽ ബിജെപി വിമതൻ ദേവേന്ദർ കടയാൻ ജയിച്ചത് 35,209 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഇവിടെയും ബിജെപി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.
കോൺഗ്രസിന് നഷ്ടം 3 മണ്ഡലം
ജെജപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല മത്സരിച്ച ഉച്ചാന കലാനിൽ വെറും 32 വോട്ടിനാണ് ബിജെപി കോൺഗ്രസിനെ പരാജയപ്പെടുത്തിയത്. ഇവിടെ 2 കോൺഗ്രസ് വിമതർ ചേർന്നു പിടിച്ചത് 38,499 വോട്ടാണ്! മുൻ കേന്ദ്രമന്ത്രി ബിരേന്ദർ സിങ്ങിന്റെ മകനും കോൺഗ്രസ് സ്ഥാനാർഥിയുമായ ബ്രിജേന്ദ്ര സിങ് ആകെ നേടിയത് 48,936 വോട്ടും. അംബാല കന്റോൺമെന്റിൽ മത്സരിച്ച ചിത്ര സർവരയാണ് ബിജെപി നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ വിജ്ജിനെ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ലീഡുമായി വിറപ്പിച്ചത്. രണ്ടാമതെത്തിയ ചിത്ര 52,581 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ചത് വെറും 14,469 വോട്ടുകൾ.
പാനിപ്പത്ത് റൂറലിൽ കോൺഗ്രസ് വിമതനായ വിജയ് ജെയിൻ നേടിയത് 43,244 വോട്ടാണ്. അവിടെ ബിജെപിയുടെ ഭൂരിപക്ഷം 50,212 വോട്ടും. കലായത്തിൽ 2 വിമതരാണുണ്ടായിരുന്നത്. ഇവർ നേടിയത് 30,000 വോട്ടിലേറെ, എന്നിട്ടും കോൺഗ്രസ് 13,419 വോട്ടിന് ഇവിടെ ജയിച്ചു.
കരുത്തുകാട്ടി ബിജെപി വിമതർ
തിരഞ്ഞെടുപ്പിന് 4 ദിവസം മുൻപ് ബിജെപിയിൽനിന്നു പുറത്താക്കിയവരിൽ ഒരാളായ മുൻമന്ത്രി രഞ്ജിത് സിങ് ചൗട്ടാല റാനിയ മണ്ഡലത്തിൽ പിടിച്ചത് 36,401 വോട്ടാണ്. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന ഐഎൻഎൽഡി ഇത്തവണ മണ്ഡലം പിടിച്ചു. ബിജെപിയാകട്ടെ നാലാം സ്ഥാനത്തേക്കു കൂപ്പുകുത്തി. ഊർജ മന്ത്രിയായിരുന്ന മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ മകനായ രഞ്ജിത് സിങ് ചൗട്ടാല, സ്ഥാനാർഥിത്വം ലഭിക്കാതിരുന്നതിനെ തുടർന്നു സെപ്റ്റംബറിലാണ് മന്ത്രിസ്ഥാനം രാജിവച്ചത്. മുഖ്യമന്ത്രി നായബ് സിങ് സെയ്‍നി മത്സരിച്ച ലാഡ്‍വയിൽ ബിജെപി വിമതനായ സന്ദീപ് ഗാർഗ് പിടിച്ചത് 2,262 വോട്ടാണ്.