ADVERTISEMENT

ന്യൂഡൽഹി ∙ 37 വർഷത്തിനുശേഷം ഹരിയാനയിലെ കർഷകമണ്ണിൽ വീണ്ടും വിളവു കൊയ്യാൻ മോഹിച്ച സിപിഎമ്മിനു ദയനീയ തോൽവി. ഭിവാനി സീറ്റിൽ ഇന്ത്യാസഖ്യം സ്ഥാനാർഥിയായ സിപിഎം ജില്ലാ സെക്രട്ടറി ഓം പ്രകാശ് ബിജെപിയുടെ സിറ്റിങ് എംഎൽഎയും മുൻ മന്ത്രിയുമായ ഗണശ്യാം സരഫിനോടു 32,714 വോട്ടുകൾക്കു പരാജയപ്പെട്ടു. 34,373 വോട്ടേ ഓം പ്രകാശിനു നേടാനായുള്ളൂ. സഖ്യധാരണപ്രകാരം സംസ്ഥാനത്തു സിപിഎമ്മിനു കോൺഗ്രസ് നൽകിയ ഏക സീറ്റായിരുന്നു ഭിവാനി. കോൺഗ്രസ് വിമതൻ അഭിജിത് ലാൽ സിങ് 15,810 വോട്ടു നേടി. 

കൈപ്പത്തി ചിഹ്നത്തിലല്ല, അരിവാൾ ചുറ്റിക നക്ഷത്രത്തിലാണ് വോട്ടു ചെയ്യേണ്ടതെന്നു വോട്ടർമാരെ പറഞ്ഞു പഠിപ്പിക്കുന്ന ഓം പ്രകാശിന്റെ പ്രസംഗങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു. ഹരിയാനയിലെ റേഷൻ കടകളിൽ നെല്ലും ഗോതമ്പും മാത്രമാണ് കൊടുക്കുന്നതെന്നും കേരളത്തിലേതുപോലെ കൂടുതൽ വിഭവങ്ങൾ ലഭ്യമാക്കുമെന്നുമായിരുന്നു ഓം പ്രകാശിന്റെ പ്രഖ്യാപനം.  

കർഷക സംഘടനാ പ്രവർത്തനത്തിൽ സജീവമായ ഓം പ്രകാശ്, ബാങ്ക് മാനേജർ ജോലിയിൽനിന്നു സ്വയംവിരമിച്ചാണ് പാർട്ടി പ്രവർത്തനത്തിനിറങ്ങിയത്. 1987 ൽ ദേവിലാലിന്റെ ലോക്ദൾ സഖ്യത്തിൽ മത്സരിച്ചു ജയിച്ച ഹർപാൽ സിങ്ങാണ് ഹരിയാനയിൽ സിപിഎമ്മിനു ലഭിച്ച ഏക എംഎൽഎ. അന്നു സിപിഐക്കും ഒരാളെ ജയിപ്പിക്കാനായി. തൊട്ടടുത്തുള്ള പഞ്ചാബിൽ സിപിഎം സംഘടനാപരമായി ശക്തമാണെങ്കിലും 22 വർഷമായി അവിടെയും എംഎൽഎയില്ല.

English Summary:

CPM loses badly in Haryana's Bhiwani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com