ADVERTISEMENT

ന്യൂഡൽഹി ∙ പതിറ്റാണ്ടിനുശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്, സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്, ലഡാക്കിനെ ജമ്മു കശ്മീരിൽനിന്നു വേർതിരിച്ചശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്, സംസ്ഥാനപദവി മാറ്റി കേന്ദ്രഭരണപ്രദേശമാക്കിയ ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ്. ഇവയ്ക്കെല്ലാം പുറമേ, നിയന്ത്രണരേഖയിലെ വെടിവയ്പിനെയോ താഴ്‌വരയിലെ പാക്ക്–നിയന്ത്രിത ഭീകരരുടെ കുതന്ത്രങ്ങളെയോ കാര്യമായി ഭയപ്പെടാതെയുള്ള തിരഞ്ഞെടുപ്പുമാണ് ജമ്മു കശ്മീരിൽ നടന്നത്. ജയിച്ചതാര്, തോറ്റതാര് എന്നതിനെക്കാൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയത്തിനു പ്രാധാന്യം നൽകിയുള്ള തിരഞ്ഞെടുപ്പ്.

കശ്മീരിന്റെ ആഭ്യന്തര രാഷ്ട്രീയസംവാദത്തിൽ പാക്കിസ്ഥാൻ ഒരു ഘടകമല്ലാതാക്കാൻ ഈ തിരഞ്ഞെടുപ്പിനു സാധിച്ചു എന്നതാണ് മറ്റൊരുകാര്യം. പ്രചാരണച്ചൂടിനിടയിലെ ചില ആരോപണ–പ്രത്യാരോപണങ്ങളൊഴിച്ചാൽ പാക്കിസ്ഥാൻ എന്ന പദം തന്നെ വിരളമായാണ് ഈ തിരഞ്ഞെടുപ്പിൽ കേട്ടത്. നിയന്ത്രണരേഖയിലെ വെടിവയ്പോ നുഴഞ്ഞുകയറ്റമോ പാക്ക് നിയന്ത്രിതമെന്ന് ആരോപിക്കപ്പെടുന്ന രാഷ്ട്രീയസംഘടനകളോ ഈ തിരഞ്ഞെടുപ്പിൽ വിഷയമായില്ല. 3 ദശകമായി നുഴഞ്ഞുകയറ്റത്തിന്റെയും ഭീകരവാദത്തിന്റെയും മുൾമുനയിൽനിന്ന ഒരു പ്രദേശത്തു നടന്ന താരതമ്യേന സമാധാനപൂർണമായ തിരഞ്ഞെടുപ്പ്.

പക്ഷേ, ജമ്മു കശ്മീരിന്റെ പരീക്ഷണകാലം ഇനിയാണ്. പതിറ്റാണ്ടുകളായി സംസ്ഥാനം ഭരിച്ചു പരിചയമുള്ളവരാണ് ഭരണത്തിലെത്തുന്ന നാഷനൽ കോൺ‍ഫറൻസ് നേതാക്കൾ. എന്നാൽ, ഇത്തവണ സത്യപ്രതിജ്ഞ കഴിഞ്ഞ് ഭരണത്തിലെത്തുമ്പോൾ തികച്ചും അപരിചിതമായ ഒരു ഭരണസംവിധാനമാണ് അവരെ കാത്തിരിക്കുന്നത്. 

ഒന്ന്, പഴയതിലും വിസ്തൃതി കുറഞ്ഞ ഭൂപ്രദേശം; ലഡാക്ക് കൈവശമില്ല. നാഷനൽ കോൺഫറൻസിനു കാര്യമായ രാഷ്ട്രീയസ്വാധീനമില്ലാത്ത മേഖലയാണ് ലഡാക്ക് എന്നതിനാൽ ഇതൊരു വലിയ പ്രശ്നമാകണമെന്നില്ല. 

രണ്ട്, സംസ്ഥാനത്തിനുണ്ടായിരുന്ന പ്രാദേശികഭരണഘടന, പ്രത്യേക പദവി എന്നിവയില്ല. ഭരണകൂടത്തിനു മുൻപു കടലാസിലെങ്കിലും ഉണ്ടായിരുന്ന പ്രത്യേകാധികാരങ്ങളൊന്നും ഇനിയില്ല. പ്രത്യേകപദവി മടക്കിനൽകണമെന്നു വാദിക്കുന്നവരാണ് നാഷനൽ കോൺഫറൻസ്. എങ്കിലും, ഇത് ഉടനൊരു പ്രശ്നമാക്കിയെടുക്കാൻ പാർട്ടി നേതാക്കൾ തുനിഞ്ഞെന്നു വരില്ല.

മൂന്ന്, ഇതിനു മുൻപു ഭരിച്ചിരുന്നതു സംസ്ഥാനമായിരുന്നെങ്കിൽ ഇപ്പോഴത് പരിമിത അധികാരങ്ങളുള്ള കേന്ദ്രഭരണപ്രദേശമാണ്. എങ്കിലും, ഈ നില മാറ്റിത്തരാമെന്ന കേന്ദ്രത്തിന്റെ അനൗദ്യോഗിക വാഗ്ദാനം നിലവിലുണ്ട്. പൂർണ സംസ്ഥാനപദവി തിരിച്ചുനൽകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഒരഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ആദ്യം നടക്കട്ടെ, അതിനു ശേഷമാവാം സംസ്ഥാനപദവി എന്നതായിരുന്നു അന്നു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിലപാട്. തിരഞ്ഞെടുപ്പു കഴിഞ്ഞതിനാൽ ഇനി സംസ്ഥാനപദവിക്കു വേണ്ടിയുള്ള മുറവിളി ഉയരും.

നാല്, വെറും 3 മാസം മുൻപു ജമ്മു കശ്മീരിന്റെ ഭരണനടത്തിപ്പു സമ്പ്രദായത്തിൽ കേന്ദ്ര ആഭ്യന്തരവകുപ്പു നടത്തിയ തിരുത്തിയെഴുത്ത്. സർക്കാർ ഉദ്യോഗസ്ഥർ, അഡ്വക്കറ്റ് ജനറൽ, നിയമവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നിയമനം, സ്ഥലംമാറ്റം, അഴിമതിയാരോപണങ്ങളിൽ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തുടങ്ങിയവയെല്ലാം സംസ്ഥാന ഗവൺമെന്റിന്റെ അധികാരത്തിൽനിന്നു മാറ്റി കേന്ദ്രം നിയമിച്ച ലഫ്റ്റനന്റ് ഗവർണറുടെ പരിധിയിലാക്കി. ആദ്യം പറഞ്ഞ മൂന്നിനോടും പൊരുത്തപ്പെട്ട് ഭരണം നടത്താമെന്നു കരുതിയാലും പുതിയ ഭരണകൂടത്തിന് ഒട്ടും പൊരുത്തപ്പെടാനാവാത്തത് നാലാമത്തേതിനോടായിരിക്കും. ഭരണത്തിന്റെ ആദ്യദിനം മുതൽ ഇതൊരു കല്ലുകടിയാകാനും സാധ്യത.

ഏതാണ്ട്, സമാനനിലയിലാണ് ഡൽഹി തലസ്ഥാന പ്രദേശത്തിന്റെ ഭരണം. ഇതുമായി ബന്ധപ്പെട്ട വടംവലിയും ആരോപണപ്രത്യാരോപണങ്ങളുമാണ് ഇന്നു ഡൽഹി ഭരണത്തെത്തന്നെ തടസ്സപ്പെടുത്തുന്നത്.

അങ്ങനെയൊരു വടംവലി ജമ്മു കശ്മീരിലുണ്ടായാൽ അതിന്റെ വരുംവരായ്കകൾ ഗുരുതരമാകാം. ഡൽഹിയിലെ വടംവലിയെ കേന്ദ്ര–സംസ്ഥാന ബലാബലമെന്നതിനെക്കാൾ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിലുള്ള കക്ഷിരാഷ്ട്രീയ പ്രശ്നമായി കണ്ടെന്നു വരാം.

പക്ഷേ, ശ്രീനഗറിൽ അതേ അവസ്ഥയുണ്ടായാൽ അതു മറ്റൊരു രീതിയിലാവും കലാശിക്കുക. ജനാധിപത്യപ്രക്രിയയിൽ വിശ്വാസമർപ്പിച്ച് തങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് അധികാരം നിഷേധിക്കുന്നതു തിരഞ്ഞെടുപ്പു പ്രക്രിയയിൽതന്നെ കൃത്രിമം നടത്തുന്നതിനു സമാനമായി കശ്മീർ ജനത പരിഗണിച്ചേക്കാം. 1987 ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണമാണ് കശ്മീരി യുവാക്കളെ ഭീകരവാദത്തിലേക്കു നയിച്ചത്.

English Summary:

Jammu Kashmir assembly election results analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com