ജുലാനയിലെ ജ്വാല; രാഷ്ട്രീയ പോരാട്ടത്തിൽ വിനേഷ് ഫോഗട്ടിന് ഉജ്വല നേട്ടം
Mail This Article
ന്യൂഡൽഹി ∙ ‘ടീം’ പതറിയപ്പോഴും നിശ്ചയദാർഢ്യത്തോടെ നിന്നാണു വിനേഷ് ഫോഗട്ട് രാഷ്ട്രീയകളത്തിൽ കന്നി മെഡലണിഞ്ഞത്. ഒരുഘട്ടത്തിൽ കോൺഗ്രസിനു വിജയം അപ്രാപ്യമെന്നു തോന്നിച്ച ജുലാനയിൽ വിനേഷ് ബിജെപിയുമായി നേർക്കുനേർ പോരാടി 6015 വോട്ടുകൾക്കു ജയിച്ചു.
കഴിഞ്ഞ തവണ കോൺഗ്രസിനു 10% വോട്ടുപോലും കിട്ടാതിരുന്ന മണ്ഡലമായിരുന്നു. പാരിസിലെ ഒളിംപിക് മെഡൽ നഷ്ടത്തിന്റെയും സർക്കാരിൽ നിന്നുള്ള അവഗണനയുടെയും വേദനയുമായി രാഷ്ട്രീയത്തിലിറങ്ങിയ വിനേഷിന് അവിടെ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം വോട്ടെത്തിയെന്നു വ്യക്തം.
ഐഎൻഎൽഡി, ജെജെപി പാർട്ടികളുടെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ ഇരുപാർട്ടികൾക്കും കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല. മണ്ഡലത്തിൽ 30% വോട്ട് ഇന്നേവരെ കിട്ടാത്ത ബിജെപി ഇക്കുറി വോട്ടുവിഹിതം 42% ആയി ഉയർത്തുകയും ചെയ്തു. ജെജെപിയുടെ സിറ്റിങ് എംഎൽഎയ്ക്ക് ലഭിച്ചത് 2477 വോട്ടുമാത്രം. വിനേഷിന് അനുകൂലമായി എന്നതു പോലെ ബിജെപിയിലേക്കും വോട്ടൊഴുക്കുണ്ടായി.
രാജ്യാന്തര ഗുസ്തിതാരമായ കവിത റാണി ആംആദ്മിക്ക് വേണ്ടി ഇറങ്ങിയെങ്കിലും 1280 വോട്ടു മാത്രമാണ് ലഭിച്ചത്. ഇന്നലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ക്ഷമയോടെ കാത്തിരുന്ന വിനേഷ് വിജയമുറപ്പിച്ച ശേഷം സത്യം വിജയിച്ചുവെന്നു പ്രതികരിച്ചു. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടു വിനേഷ് ഉന്നയിച്ച പരാതിയിലെ പ്രതിയും ബിജെപി മുൻ എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് വിനേഷിന്റെ വിജയത്തെ അപഹസിച്ചു. വിനേഷ് ജയിച്ചെങ്കിലും പാർട്ടി തോറ്റെന്നും വിനേഷ് എവിടെ ചെന്നാലും അവിടം നശിപ്പിക്കുമെന്നുമായിരുന്നു പ്രതികരണം.