ടാറ്റയെ ലോകമെങ്ങും വളർത്തിയ 21 വർഷം; വ്യവസായ ഇതിഹാസം
Mail This Article
∙ 10,000 കോടി ഡോളർ (ഏകദേശം 6.6 ലക്ഷം കോടി രൂപ) വിറ്റുവരവുള്ള കമ്പനിയായി ടാറ്റയെ വളർത്തി. വരുമാനം 40 ഇരട്ടി വർധിച്ചു; ലാഭം 50 ഇരട്ടിയും.
∙ ടാറ്റയെ രാജ്യാന്തര ബ്രാൻഡ് ആക്കി. ആഗോളവൽക്കരണത്തിന്റെ വെല്ലുവിളികൾക്കും സാധ്യതകൾക്കുമിടയിൽ, ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ടാറ്റയുടെ രാജ്യാന്തര വളർച്ചയ്ക്കു കുതിപ്പു കണ്ടെത്തി.
∙ ബ്രിട്ടനിലെ ടെറ്റ്‌ലി ടീയെ 2000 ൽ ടാറ്റ ഏറ്റെടുത്തു. വിഎസ്‌എൻഎൽ ഏറ്റെടുക്കലിലൂടെ ടാറ്റ കമ്യൂണിക്കേഷൻസിനെ ആഗോളമാക്കി. ദക്ഷിണ കൊറിയയിലെ ദെയ്‌വൂ മോട്ടോഴ്‌സ് ഏറ്റെടുത്തു ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ജൈത്രയാത്ര ലാൻഡ്‌റോവറിനെയും ജഗ്വാറിനെയുംകൂടി ഇന്ത്യയിലെത്തിച്ചു.
∙ രത്തൻ പടിയിറങ്ങുമ്പോഴേക്കും ടാറ്റ സ്‌റ്റീൽ ലോകത്തെ 10 വലിയ ഉരുക്കുനിർമാണ കമ്പനികളിലൊന്ന്. ടാറ്റ മോട്ടോഴ്‌സ് വാണിജ്യവാഹന വിപണിയിൽ ലോകത്തെ 5 കമ്പനികളിലൊന്ന്. ടാറ്റ ഗ്ലോബൽ ബവ്‌റിജസ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയിലക്കമ്പനി.
∙ ടാറ്റ ഗ്രൂപ്പ് കമ്പനികളെ ചെയർമാൻ നേരിട്ടു നിയന്ത്രിച്ചു പ്രവർത്തനങ്ങളെ നവീകരിച്ചു.
സാമൂഹികസേവനരംഗത്തെ ടാറ്റയുടെ പങ്കാളിത്തം ശക്തമാക്കി.
∙ ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യയിൽ രൂപപ്പെടുത്തിയ കാർ ആയി ടാറ്റ ഇൻഡിക്ക പുറത്തിറക്കിയതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാർ ആയി നാനോ പുറത്തിറക്കിയതും സ്വച്‌ഛ് എന്ന പേരിൽ സാധാരണക്കാർക്കു താങ്ങാവുന്ന വിലയുള്ള വാട്ടർ പ്യൂരിഫയർ പുറത്തിറക്കിയതും ജനപ്രിയ നേട്ടങ്ങൾ.
∙ രത്തൻ ടാറ്റയുടെ 66% ഓഹരികളുടെ നിക്ഷേപം ചാരിറ്റബിൾ ട്രസ്റ്റുകളിൽ.