ആണവ അന്തർവാഹിനി: സേനയ്ക്ക് കരുത്തേകും
Mail This Article
ന്യൂഡൽഹി ∙ രണ്ട് ആണവ അന്തർവാഹിനികൾ തദ്ദേശീയമായി നിർമിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം നാവികസേനയ്ക്കു കൂടുതൽ കരുത്തേകും. ഇതുൾപ്പെടെയുള്ള 80,000 കോടി രൂപയുടെ ഇടപാടുകൾക്കാണു കഴിഞ്ഞ ദിവസം സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്ര കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയത്. യുഎസിൽ നിന്നു 31 പ്രഡേറ്റർ ഡ്രോണുകൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 15 എണ്ണം നാവികസേനയ്ക്കാണു ലഭിക്കുക.
വിശാഖപട്ടണത്തെ കപ്പൽശാലയിലാണു പുതിയ അന്തർവാഹിനികൾ നിർമിക്കുക. ഇതിനു 45,000 കോടി രൂപയാണു മുതൽമുടക്ക്. ഏറെക്കാലമായുള്ള നാവികസേനയുടെ ആവശ്യത്തിനാണു കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്.
ഭാവിയിൽ ഇത്തരം 6 അന്തർവാഹിനികൾ സേനയുടെ ഭാഗമാക്കാനാണു ലക്ഷ്യമിടുന്നത്. അമേരിക്കൻ കമ്പനിയായ ജനറൽ അറ്റോമിക്സിൽ നിന്നാണു ഡ്രോണുകൾ വാങ്ങുക. 8 ഡ്രോണുകൾ വീതം കര, വ്യോമ സേനകൾക്കാണ്. യുപിയിലാകും ഇതിന്റെ ബേസ് സ്റ്റേഷൻ സജ്ജീകരിക്കുക.