ADVERTISEMENT

വിയൻഷ്യ ∙ ലാവോസിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കൂടിക്കണ്ടു. എന്നാൽ എന്തെങ്കിലും വിഷയത്തിൽ ചർച്ച നടന്നില്ലെന്നാണ് ഇന്ത്യൻ വക്താവ് പറഞ്ഞത്. കാനഡയിൽ ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഇന്ത്യയുടെ കരങ്ങളുണ്ടെന്ന ആരോപണത്തെ തുടർന്ന് ഒരു വർഷത്തോളമായി രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു.

‘ചെറിയൊരു കൂടിക്കാഴ്ചയാണ് നടന്നതെ’ന്ന് ട്രൂഡോ വ്യക്തമാക്കി. കാനഡയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതും നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതും ഒരു സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നും അതു തുടരുമെന്നും അദ്ദേഹം പറഞ്ഞതായും മാധ്യമങ്ങൾ വ്യക്തമാക്കി.

എന്നാൽ, കാനഡയിലെ പൗരന്മാരുടെ സുരക്ഷയെപ്പറ്റി ചർച്ച ചെയ്തെന്ന പ്രചാരണം ഇന്ത്യ തള്ളി. ഇരുനേതാക്കളും അഭിമുഖം വന്നപ്പോൾ അഭിവാദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് പറഞ്ഞു.

പ്രതിരോധ–സാമ്പത്തിക മേഖലകളിൽ ഇന്ത്യയും ലാവോസും തമ്മിൽ കൈകോർക്കാൻ ഉച്ചകോടിയിൽ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലാവോസ് പ്രധാനമന്ത്രി സോനെക്സെ സിഫാൻഡോനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു വിവിധ രംഗങ്ങളിലെ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്. വാർത്താവിതരണം, കസ്റ്റംസ്, പൈതൃക സംരക്ഷണം, ദുരന്ത നിവാരണം, ഊർജം തുടങ്ങിയ മേഖലകളിലും ഇരു താര്യങ്ങളും ഒരുമിക്കും. യാഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യ നൽകിയ സഹായങ്ങൾക്കു ലാവോസ് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

യുനെസ്കോയുടെ പൈതൃക പദവിയുള്ള ലാവോസിലെ ‘വാറ്റ് പൗ’യുടെ സംരക്ഷണം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) പിന്തുണയോടെയാണു പൂർത്തിയാക്കുന്നത്. ലാവോസ് രാമായണത്തിന്റെ സംരക്ഷണം, വാറ്റ് പക്കേയ ബുദ്ധക്ഷേത്രത്തിന്റെ പുനർനിർമാണം എന്നിവയ്ക്കും ഇന്ത്യ സഹായം നൽകും. 

English Summary:

Narendra Modi -Justin Trudeau Encounter at ASEAN Summit Raises Eyebrows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com