സൽമാനും ഷാറുഖും തമ്മിലുള്ള പിണക്കം അവസാനിപ്പിച്ച ബാബാ സിദ്ദിഖി; വെടിയേറ്റത് ബോളിവുഡിന്റെ സൗഹൃദ ഹൃദയത്തിന്
Mail This Article
മുംബൈ ∙ ശനിയാഴ്ച വെടിയേറ്റു മരിച്ച ബാബാ സിദ്ദിഖി മഹാരാഷ്ട്രയിൽ അറിയപ്പെടുന്നതു ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന രാഷ്ട്രീയ നേതാവ് എന്ന നിലയിൽ കൂടിയാണ്. അദ്ദേഹത്തിനു വെടിയേറ്റ വാർത്തയറിഞ്ഞ് ആശുപത്രിയിൽ ആദ്യം ഓടിയെത്തിയവരിൽ ഒരാൾ നടൻ സഞ്ജയ് ദത്താണ്. പ്രിയ സുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ് ബിഗ് ബോസിന്റെ ഷൂട്ടിങ് നിർത്തിവച്ചാണു സൽമാൻ ഖാൻ എത്തിയത്. ശിൽപ ഷെട്ടി, ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു. ഏതു പ്രശ്നങ്ങളിലും താരങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന നേതാവാണ് ബോളിവുഡ് സിനിമയിലെ രംഗത്തിലെന്നപോലെ നാടകീയമായി കൊല്ലപ്പെട്ടത്.
താരങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ മുൻനിരയിലുണ്ടായിരുന്ന അദ്ദേഹം സൽമാൻ ഖാനും ഷാറുഖ് ഖാനും തമ്മിൽ വർഷങ്ങളോളം നിലനിന്ന പിണക്കം അവസാനിപ്പിക്കുന്നതിനും വഴിയൊരുക്കിയിരുന്നു. 2008ൽ നടി കത്രീന കൈഫിന്റെ ജന്മദിന ആഘോഷത്തിനിടയിലുണ്ടായ ചെറിയ പ്രശ്നങ്ങളാണ് ഖാൻമാരെ അകറ്റിയത്. ഇതിന്റെ പേരിൽ 5 വർഷത്തോളം പൊതുപരിപാടികളിൽപോലും ഒരുമിച്ചു വരാതെ ഇരുവരും അകന്നുനിന്നു. 2013ൽ ബാബ സിദ്ദിഖിയുടെ നേതൃത്വത്തിൽ നഗരത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നാണ് ഇരുവരെയും ഒന്നിപ്പിച്ചത്.
എല്ലാ വർഷവും ബാബ സിദ്ദിഖി നടത്തുന്ന ഇഫ്താർ പാർട്ടി സിനിമാതാരങ്ങളുടെ സംഗമവേദിയായിരുന്നു. അന്തരിച്ച ബോളിവുഡ് താരവും കോൺഗ്രസ് നേതാവുമായ സുനിൽ ദത്ത്, മക്കളായ സഞ്ജയ് ദത്ത്, പ്രിയാ ദത്ത് എന്നിവരുമായും അടുത്ത ബന്ധം സിദ്ദിഖിക്ക് ഉണ്ടായിരുന്നു. മരണവിവരം അറിഞ്ഞ് തങ്ങളുടെ കുടുംബാംഗം നഷ്ടപ്പെട്ടെന്ന തരത്തിലാണ് പ്രിയാ ദത്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. പൂജ ഭട്ട്, സന ഖാൻ തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ സിദ്ദിഖിയുടെ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.