സുപ്രീം കോടതി ചീഫ് ജസ്റ്റിസ്: സഞ്ജീവ് ഖന്നയെ ശുപാർശ ചെയ്തു
Mail This Article
ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ 51–ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിക്കണമെന്ന ശുപാർശ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കേന്ദ്ര സർക്കാരിനു നൽകി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നവംബർ 10നു വിരമിക്കും. ശുപാർശ സർക്കാർ അംഗീകരിച്ചാൽ, നവംബർ 11 മുതൽ അടുത്ത വർഷം മേയ് 13 വരെ ജസ്റ്റിസ് ഖന്ന ചീഫ് ജസ്റ്റിസാകും. സീനിയോറിറ്റി പ്രകാരം, ജസ്റ്റിസ് ബി.ആർ. ഗവായിക്കായിരിക്കും അതിനു ശേഷം അവസരം.
ഡൽഹി സ്വദേശിയായ ജസ്റ്റിസ് ഖന്ന, 1983 ൽ ഡൽഹി തീസ് ഹസാരി കോടതിയിൽ അഭിഭാഷകനായി തുടങ്ങി. ഡൽഹി ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലും പ്രവർത്തിച്ചു. ആദായ നികുതി വകുപ്പിന്റെയും ഡൽഹി സർക്കാരിന്റെയും സ്റ്റാൻഡിങ് കൗൺസലായിരുന്നു. 2005 ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയും പിന്നീടു സ്ഥിരം ജഡ്ജിയുമായി. ഡൽഹി ജുഡീഷ്യൽ അക്കാദമിയുടെയും ഇന്റർനാഷനൽ ആർബിട്രേഷൻ സെന്ററിന്റെയും ചുമതല വഹിച്ചു. 2019 ൽ സുപ്രീം കോടതി ജഡ്ജിയായി.