മണിപ്പുർ: മുഖ്യമന്ത്രിക്കെതിരെ ബിജെപി; കേന്ദ്ര നേതൃത്വത്തിന് 19 എംഎൽഎമാരുടെ കത്ത്
Mail This Article
കൊൽക്കത്ത ∙ മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റണമെന്നാവശ്യപ്പെട്ട് 19 ബിജെപി എംഎൽഎമാർ കേന്ദ്ര നേതൃത്വത്തിനു നിവേദനം നൽകി. സ്പീക്കർ സത്യബ്രത, മന്ത്രിമാരായ തൗനാജം ബിശ്വജിത്, വൈ.ഖേംചന്ദ് ഉൾപ്പെടെയുള്ളവരാണു കത്തെഴുതിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തു നൽകിയിട്ടുണ്ട്.
സുരക്ഷാ സേനയെ വിന്യസിച്ചതു കൊണ്ടു മാത്രം മണിപ്പുരിൽ സമാധാനം കൊണ്ടുവരാൻ പറ്റില്ലെന്ന് ബിജെപി എംഎൽഎമാർ പറഞ്ഞു. മുഖ്യമന്ത്രിയെ മാറേണ്ടത് അനിവാര്യമാണ്. ബിരേൻ സിങ്ങിനെ മാറ്റാൻ നേരത്തെയും ഏതാനും മന്ത്രിമാരും എംഎൽഎമാരും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുക്കി, മെയ്തെയ്, നാഗാ എംഎൽഎമാരുമായി ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ബിജെപി എം എൽഎമാർ കത്തുനൽകിയത്.
കഴിഞ്ഞ വർഷം കലാപമധ്യത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ് രാജിക്കത്ത് എഴുതിയെങ്കിലും ജനക്കൂട്ടം ഇതു കീറിയെറിയുകയായിരുന്നു. ബിരേൻ സിങ് ഒരുക്കിയ നാടകമായിട്ടാണ് ഇതു കണക്കാക്കപ്പെടുന്നത്. ബിരേൻ സിങ്ങിനെ നിർബന്ധപൂർവം ഒഴിവാക്കുകയാണെങ്കിൽ സായുധ മെയ്തെയ് സംഘടനകൾ രംഗത്തിറങ്ങാനും സാധ്യതയുണ്ട്.