കുട്ടികളുടെ വിവാഹനിശ്ചയം തടയാൻ വ്യവസ്ഥ വേണം
Mail This Article
ന്യൂഡൽഹി ∙ കുട്ടിയായിരിക്കുമ്പോഴേ വിവാഹനിശ്ചയം നടത്തുന്നതു നിരോധിക്കുന്ന വ്യവസ്ഥ നിയമത്തിൽ കൂട്ടിച്ചേർക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തു. ബാല്യവിവാഹം തടയൽ നിയമത്തിലെ (പിസിഎംഎ) ശിക്ഷാനടപടിയിൽനിന്ന് ഒഴിവാകാൻ കുട്ടികളുടെ വിവാഹനിശ്ചയച്ചടങ്ങു നടത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണിത്. ബാല്യ വിവാഹനിശ്ചയം നിരോധിക്കാൻ പിസിഎംഎയിൽ വ്യവസ്ഥയില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്വതന്ത്രമായ തീരുമാനം, ബാല്യം, വ്യക്തിത്വം തുടങ്ങിയവയെ കാര്യമായി ബാധിക്കുന്നതാണ് കുട്ടിയായിരിക്കുമ്പോഴുള്ള വിവാഹനിശ്ചയമെന്നു വിധിയിൽ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ബാല്യവിവാഹം ഇല്ലാതാക്കുന്നതിനു സുപ്രീം കോടതിയുടെ ഇടപെടൽ തേടി സൊസൈറ്റി ഫോർ എൻലൈറ്റെൻമെന്റ് ആൻഡ് വൊളന്ററി ആക്‌ഷൻ നൽകിയ ഹർജി പരിഗണിച്ചാണു വിധി.
മാർഗരേഖയുമായി കോടതി
ബാല്യവിവാഹം ഇല്ലാതാക്കുന്നതിനുള്ള നടപടി ഫലപ്രദമാക്കാൻ സുപ്രീം കോടതി വിശദമായ മാർഗരേഖയും പുറപ്പെടുവിച്ചു.
∙ ബാല്യവിവാഹം തടയൽ നിയമവുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കാൻ സംസ്ഥാന സർക്കാരുകൾ ജില്ലാതലത്തിൽ ഓഫിസർമാരെ നിയമിക്കണം.
∙ ആവശ്യമായ സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി വനിത ശിശുക്ഷേമ മന്ത്രാലയത്തിന് ഉദ്യോഗസ്ഥൻ കത്തു നൽകിയാൽ 3 മാസത്തിനുള്ളിൽ നടപടി വേണം
∙ പ്രത്യേക ജുവനൈൽ പൊലീസ് സാധ്യമാകുമോ എന്നു പരിശോധിക്കണം
∙ സംസ്ഥാന സർക്കാരുകൾ ഓരോ 3 മാസം കൂടുമ്പോഴും സ്വീകരിച്ച നടപടികൾ പ്രസിദ്ധീകരിക്കണം
∙ ബാല്യവിവാഹം സാധൂകരിക്കുംവിധം സമൂഹവിവാഹത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണം.