പ്രാർഥന പരാമർശം: ചീഫ് ജസ്റ്റിസിനെ വിമർശിച്ച് നേതാക്കൾ
Mail This Article
ന്യൂഡൽഹി ∙ അയോധ്യ കേസിൽ പരിഹാരം കണ്ടെത്താൻ ഈശ്വരനെ പ്രാർഥിച്ചെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പരാമർശത്തിനു വിമർശനം. സമാജ്‌വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് രൂക്ഷ പരാമർശങ്ങൾ നടത്തിയെങ്കിലും സംഭവം വിവാദമായതോടെ ചീഫ് ജസ്റ്റിസിനെക്കുറിച്ചല്ല പറഞ്ഞതെന്നു തിരുത്തി. സാധാരണക്കാരനു നീതി ലഭ്യമാക്കുന്നതുൾപ്പെടെ ദൈവത്തോടു ചീഫ് ജസ്റ്റിസ് പ്രാർഥിക്കേണ്ട വേറെയും വിഷയങ്ങളുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഉദിത് രാജിന്റെ പ്രതികരണം.
കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ നടന്ന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് പ്രാർഥനയെപ്പറ്റി പറഞ്ഞത്. കേസ് പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.
പരിഹാരം കണ്ടെത്താൻ കഴിയാത്ത ചില കേസുകൾ പലപ്പോഴും കിട്ടാറുണ്ടെന്നും അത്തരത്തിൽ ഒന്നായിരുന്നു അയോധ്യ തർക്കഭൂമിയെക്കുറിച്ചുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആരാധനാമൂർത്തിയുടെ മുൻപാകെ ഇരുന്ന് പരിഹാരം വേണമെന്ന് താൻ പ്രാർഥിക്കുകയായിരുന്നു. നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം എല്ലായ്പ്പോഴും പരിഹാരം നൽകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.