ADVERTISEMENT

ന്യൂഡൽഹി ∙ മതനിരപേക്ഷത എല്ലായ്പോഴും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ കൂട്ടിച്ചേർത്ത 42–ാം ഭേദഗതി ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നു വ്യക്തമാക്കിയ ഒട്ടേറെ വിധിന്യായങ്ങളുണ്ടെന്നും ജഡ്ജിമാരായ സ‍ഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 

ഭരണഘടനയിലെ തുല്യത, സാഹോദര്യം എന്നിവയിലും മൗലികാവകാശങ്ങളിലും സൂക്ഷ്മമായി നോക്കിയാൽ മതനിരപേക്ഷതയാണു ഭരണഘടനയുടെ ശരിയായ സ്വഭാവമെന്നു വ്യക്തമാകും. മതനിരപേക്ഷതയ്ക്കായി ഫ്രഞ്ചുകാർ രൂപം നൽകിയ മാതൃകയല്ല ഇന്ത്യയുടേതെന്നും കൂടുതൽ നവീനമായ മാതൃകയാണെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ബൽറാം സിങ്, ബിജെപിയുടെ മുൻ രാജ്യസഭാംഗം സുബ്രഹ്മണ്യൻ സ്വാമി, അശ്വിനികുമാർ ഉപാധ്യായ എന്നിവരാണ് 42–ാം ഭേദഗതിയിലൂടെ വാക്കുകൾ കൂട്ടിച്ചേർത്തതിനെതിരെ കോടതിയെ സമീപിച്ചത്. 

ഇന്ത്യ മതനിരപേക്ഷമാകേണ്ടതില്ലെന്നാണോ ഹർജിക്കാർ ആഗ്രഹിക്കുന്നതെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. മതനിരപേക്ഷ രാജ്യമല്ലെന്നല്ല പറയുന്നതെന്നും ഭേദഗതിയെയാണ് എതിർക്കുന്നതെന്നുമായിരുന്നു ബൽറാം സിങ്ങിന്റെ അഭിഭാഷകന്റെ പ്രതികരണം. സോഷ്യലിസം എന്ന വാക്ക് കൂട്ടിച്ചേർക്കുന്നതു വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ പാശ്ചാത്യ ചിന്ത കൊണ്ടുവരേണ്ടതില്ലെന്നും തുല്യാവസരവും രാജ്യത്തിന്റെ ക്ഷേമവും എല്ലാവരിലേക്കും തുല്യമായി എത്തണമെന്നതാണു സോഷ്യലിസത്തിന്റെ അർഥമെന്നും ജസ്റ്റിസ് ഖന്ന വിശദീകരിച്ചു. ഭരണഘടനയുടെ ആമുഖത്തിലേക്കു പിന്നീടു നടത്തിയ കൂട്ടിച്ചേർക്കൽ നിയമവിരുദ്ധമെന്നാണ് സുബ്രഹ്മണ്യൻ സ്വാമി വാദിച്ചത്. ഹർജികൾ നവംബർ 18ലേക്കു മാറ്റി. 

English Summary:

Secularism is basis of Constitution: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com