ഗുരുതര അപകടങ്ങൾ കുറഞ്ഞെന്ന് റെയിൽവേ; 5950 കിലോമീറ്റർ ട്രാക്ക് പുതുക്കിയതായി പാർലമെന്ററി സമിതിയിൽ
Mail This Article
ന്യൂഡൽഹി ∙ ഗുരുതരമായ ട്രെയിൻ അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റെയിൽവേ. 2000–01 ൽ 473 ഗുരുതര അപകടങ്ങളാണുണ്ടായതെങ്കിൽ 2023–24 ൽ ഇത് 40 ആണെന്നും പാർലമെന്ററി സമിതിയെ റെയിൽവേ അറിയിച്ചു. എംപിമാരായ അടൂർ പ്രകാശ്, എം.കെ.രാഘവൻ എന്നിവർ സമിതി യോഗത്തിൽ പങ്കെടുത്തു.
2023–24 ൽ 5950 കിലോമീറ്റർ ട്രാക്ക് ആധുനിക രീതികളുപയോഗിച്ചു പുതുക്കി. ഡ്രൈവർമാർക്ക് സിമുലേറ്റർ (ഡ്രൈവിങ് പരിശീലന ഉപകരണം) ഉപയോഗിച്ച് പരിശീലനം നൽകുന്നു. ക്രൂ വോയ്സ് ആൻഡ് വിഡിയോ റിക്കോർഡിങ് സംവിധാനവും ട്രെയിനുകളിലുണ്ട്. മൂടൽമഞ്ഞുള്ള ഇടങ്ങളിലെ ഗേറ്റുകൾ, സിഗ്നലുകൾ എന്നിവയെപ്പറ്റി ലോക്കോപൈലറ്റിന് അറിയിപ്പു നൽകുന്നതിനു ജിപിഎസ് ബന്ധിത ഉപകരണങ്ങൾ നൽകി.
മുൻകൂട്ടി സുരക്ഷാ ഉദ്യോഗസ്ഥർക്കു പ്രഥമശുശ്രൂഷയിലും ട്രെയിനിലുള്ള ജീവനക്കാർക്ക് അഗ്നിരക്ഷാ മാർഗങ്ങളിലും പരിശീലനം നൽകുന്നു. ഉയർന്ന വേഗത്തിൽ സുരക്ഷിതമായ എൽഎച്ച്ബി കോച്ചുകൾ 4,977 എണ്ണമാണു 2023–24 ൽ നിർമിച്ചത്. അടിപ്പാതകളും മേൽപാതകളും നിർമിച്ച്, 784 ലവൽ ക്രോസിങ്ങുകൾ കഴിഞ്ഞവർഷം ഒഴിവാക്കി– സമിതിയെ റെയിൽവേ അറിയിച്ചു.