മഹാരാഷ്ട്ര: സീറ്റ് എണ്ണത്തിൽ ധാരണയാക്കി മുന്നണികൾ
Mail This Article
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ മഹാ വികാസ് അഘാഡി (എംവിഎ– ഇന്ത്യാ സഖ്യം) ധാരണയിലേക്ക്. കോൺഗ്രസ് 105–110 സീറ്റുകളിൽ മത്സരിച്ചേക്കും. ശിവസേനാ ഉദ്ധവ് പക്ഷം 90–95 സീറ്റുകളിലും എൻസിപി ശരദ് പവാർ വിഭാഗം 75–80 സീറ്റുകളിലും മത്സരി ച്ചേക്കും.
മറുവശത്ത് മഹായുതിയിലും (എൻഡിഎ) സീറ്റ് വിഭജനം അന്തിമഘട്ടത്തിലേക്ക് അടുത്തു. ബിജെപി 152–155 സീറ്റുകളിൽ മത്സരിക്കാനാണ് സാധ്യത. ശിവസേനാ ഷിൻഡെ വിഭാഗം 78–80 സീറ്റുകളിലും എൻസിപി അജിത് പക്ഷം 52–54 സീറ്റുകളിലും മത്സരിച്ചേക്കും. അന്തിമ ചർച്ചയിൽ ചെറിയ മാറ്റങ്ങളുണ്ടായേക്കാം.
ഏതാനും ദിവസങ്ങളായി നീണ്ട തർക്കങ്ങൾക്കൊടുവിൽ ഇന്നലെ എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ എന്നിവരടക്കമുളള നേതാക്കളുമായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചയിലാണ് മഹാ വികാസ് അഘാഡിയിൽ ഏതാണ്ട് ധാരണയായത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റിൽ (13) വിജയിച്ച കോൺഗ്രസ് ആ കരുത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ തയാറെടുക്കുമ്പോൾ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 124 സീറ്റുകളിൽ മത്സരിച്ച ഉദ്ധവ് വിഭാഗം നൂറിൽ താഴെ സീറ്റുകളിലേക്ക് ഒതുങ്ങി. അടുത്ത മാസം 20നാണ് നിയമസഭാ തിരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണൽ.