കൂറുമാറ്റം മുന്നണിക്കകത്തും പുറത്തും; നോക്കിവച്ച സീറ്റ് സഖ്യകക്ഷികൾക്കു നൽകിയപ്പോൾ ‘സഹപാർട്ടി’യിലേക്ക് ചാടി പ്രമുഖർ
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ മുന്നണികൾക്കുള്ളിലും കൂറുമാറ്റം സജീവം. ശിവസേനാ ഉദ്ധവ് വിഭാഗം വക്താവായ കിഷോർ കൻഹേരെ കഴിഞ്ഞ ദിവസം സഖ്യകക്ഷിയായ കോൺഗ്രസിൽ ചേർന്നു. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ നാരായൺ റാണെയുടെ മകൻ നിലേഷ് റാണെ സഖ്യകക്ഷിയായ ശിവസേനാ ഷിൻഡെ വിഭാഗത്തിൽ ചേരാൻ ഒരുങ്ങുകയാണ്.
കൊങ്കൺ മേഖലയിലെ കുഡാൽ സീറ്റ് ഷിൻഡെ വിഭാഗത്തിനാണ് ലഭിച്ചത്. ബിജെപിയിൽ തുടർന്നാൽ അവസരം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് നിലേഷ് റാണെ ഷിൻഡെ വിഭാഗത്തിലേക്ക് കൂറുമാറി സ്ഥാനാർഥിയാകാൻ തയാറെടുക്കുന്നത്. കുഡാലിൽ നിന്ന് അധികം അകലയല്ലാതെ കങ്കാവ്‌ലിയിൽ അനുജൻ നിതേഷ് റാണെയാണ് ബിജെപിയുടെ സിറ്റിങ് എംഎൽഎ. അവിടെ അദ്ദേഹം തന്നെയാണ് ബിജെപി സ്ഥാനാർഥി. രണ്ടു പാർട്ടികളിലുള്ള രണ്ടു മക്കളുടെയും പ്രചാരണത്തിനായി അച്ഛൻ റാണെയുമുണ്ടാകും.
ബിജെപി നേതാവായ മുൻ മന്ത്രി രാജ്കുമാർ ബഡോളെ സഖ്യകക്ഷിയായ എൻസിപി അജിത് പവാർ പക്ഷത്ത് ചേർന്നു. മത്സരിക്കാൻ പദ്ധതിയിട്ടിരുന്ന അർജുനി മോർഗാവ് മണ്ഡലം അജിത് പക്ഷത്തിന് അനുവദിച്ചതോടെയാണിത്.
സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ ബിജെപി നവിമുംബൈ ഘടകം അധ്യക്ഷനും മുൻ എംഎൽഎയുമായ സന്ദീപ് നായിക് എതിർമുന്നണിയിലെ എൻസിപി ശരദ് പവാർ വിഭാഗത്തിൽ ചേർന്നു. സന്ദീപിന്റെ പിതാവും മുതിർന്ന ബിജെപി നേതാവുമായ മുൻ മന്ത്രി ഗണേശ് നായിക് ഐരോളിയിൽ ബിജെപി സ്ഥാനാർഥിയാണ്.
ഏക്നാഥ് ഷിൻഡെയുടെ പിഎ ബാലാജി ഖഡ്ഗാവൻകർ നിയമസഭയിലേക്ക് സ്വതന്ത്രനായി മത്സരിക്കും. നാന്ദേഡ് ജില്ലയിലെ മുഖേഡിൽ അദ്ദേഹം മത്സരിക്കാൻ പദ്ധതിയിട്ടിരുന്ന മണ്ഡലത്തിൽ സഖ്യകക്ഷിയായ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണിത്.