ബാലാവകാശ കമ്മിഷൻ ‘മതപഠനം’ വാക്കിൽ കുടുങ്ങി; വിമർശിച്ച് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവേ ദേശീയ ബാലാവകാശ കമ്മിഷനെ രൂക്ഷമായാണ് സുപ്രീം കോടതി വിമർശിച്ചത്.
കോടതിയുടെ ചോദ്യവും ഉത്തരവും:
ചീഫ് ജസ്റ്റിസ്: മദ്രസകൾക്കു നൽകിയതു പോലെ മറ്റു മതസ്ഥാപനങ്ങൾക്കും കത്തു നൽകിയിട്ടുണ്ടോ?
കമ്മിഷൻ: മതപഠനത്തെ നിർബന്ധിത വിദ്യാഭ്യാസവുമായി കൂട്ടിക്കുഴയ്ക്കരുതെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിരന്തരം കത്തു നൽകിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ്: ആശ്രമങ്ങളിലും മറ്റും കുട്ടികളെ വിടരുതെന്ന നിർദേശവും നിങ്ങൾ നൽകിയിരുന്നോ?
കമ്മിഷൻ: വിദ്യാഭ്യാസത്തിനുള്ള അവകാശമെന്ന ഭരണഘടനാ വ്യവസ്ഥയെ സർക്കാർ മറികടക്കുകയാണ് ചെയ്യുന്നത്. അനുബന്ധമായി മതപഠനം നടത്തുന്നതിനോടു വിയോജിപ്പില്ല. പകരം പഠനമാക്കുന്നതിനെയാണ് എതിർക്കുന്നത്.
ജസ്റ്റിസ് ജെ.ബി. പർദിവാല: കമ്മിഷൻ മദ്രസകളുടെ സിലബസ് മുഴുവൻ പഠിച്ചിട്ടുണ്ടോ? മതപഠനം എന്ന വാക്കിൽ കമ്മിഷൻ കുടുങ്ങിക്കിടക്കുകയാണെന്നു തോന്നുന്നു. മദ്രസയിൽ പോകുന്നവരൊന്നും അന്തസ്സുള്ളൊരു ജീവിതം നയിക്കുന്നില്ലെന്നാണോ കമ്മിഷൻ പറഞ്ഞുവരുന്നത്? മതപഠനവും സാധാരണ പഠനവും തമ്മിൽ വ്യക്തമായ വേർതിരിവ് ഉണ്ട്.
ചീഫ് ജസ്റ്റിസ്: മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം മുസ്‌ലിം സമുദായത്തെ മുന്നോട്ടുകൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ്. അതില്ലെങ്കിൽ നിങ്ങൾ അവരെ തടവറയിൽ ഇടുന്നതിനു തുല്യമാകും. മദ്രസകളിലെ വിദ്യാർഥികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്നത് ശരിയാണ്. എന്നാൽ, നിയമം ഒഴിവാക്കിക്കൊണ്ടാകുന്നത് ശരിയല്ല. അതിലെ ശരിയായ വശം ഒഴിവാക്കുന്നതിനു തുല്യമാകും അത്.