ഇന്നലെ 33 വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി
Mail This Article
ന്യൂഡൽഹി ∙ ഇന്നലെ 33 യാത്രാവിമാനങ്ങൾക്കു വ്യാജബോബ് ഭീഷണിയുണ്ടായി. ഇതോടെ 13 ദിവസത്തിനിടെ ആകെ 300 വിമാനസർവീസുകൾക്കുനേരെ ഭീഷണിയുണ്ടായി. ഇവയിലേറെയും സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു. ഇതിനിടെ, വ്യാജ ബോംബ് ഭീഷണി ഉൾപ്പെടെ തടയേണ്ട ഉത്തരവാദിത്തം സമൂഹമാധ്യമങ്ങൾക്കാണെന്നു വ്യക്തമാക്കി കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കി.
ഇത്തരം പോസ്റ്റുകൾ കമ്പനികൾ അടിയന്തരമായി നീക്കണമെന്നും നടപടി സ്വീകരിച്ചില്ലെങ്കിൽ കേസുകളിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് ‘സേഫ് ഹാർബർ’ പരിരക്ഷ ലഭിക്കില്ലെന്നും മാർഗരേഖയിലുണ്ട്. ഉള്ളടക്കത്തിന്റെ പേരിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമും പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്നതാണ് 2000 ലെ ഐടി നിയമത്തിലെ 79–ാം വകുപ്പ് പ്രകാരമുള്ള സേഫ് ഹാർബർ പരിരക്ഷ. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിലുണ്ട്.
ഇത്തരം ഉള്ളടക്കം നീക്കുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുകയും വേണം. സമൂഹമാധ്യമങ്ങളോടു സർക്കാർ ഏജൻസികൾ തേടുന്ന വിവരങ്ങൾ കഴിവതും വേഗത്തിൽ (72 മണിക്കൂറിനപ്പുറം പോകാൻ പാടില്ല) കൈമാറണമെന്നും നിർദേശിച്ചു.