70 വയസ്സ് മുതലുള്ളവർക്കായി ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി തുടങ്ങി
Mail This Article
ന്യൂഡൽഹി ∙ 70 വയസ്സ് മുതലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഒരുക്കുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സൗജന്യ ചികിത്സയ്ക്കായി വയോജനങ്ങൾക്ക് ‘ആയുഷ്മാൻ വയ വന്ദന കാർഡ്’ നൽകുമെന്നും 9–ാമത് ആയുർവേദ ദിനത്തോട് അനുബന്ധിച്ചു ഡൽഹിയിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാത്ത ഡൽഹി, ബംഗാൾ സർക്കാരുകളെ വിമർശിച്ച മോദി ഈ 2 സംസ്ഥാനങ്ങളിലെയും വയോജനങ്ങൾക്ക് സഹായമെത്തിക്കാനാകാത്തതിൽ ദുഃഖമുണ്ടെന്നും മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയാണ് സംസ്ഥാന സർക്കാരുകൾ പദ്ധതി നടപ്പാക്കാത്തതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. സാർവത്രിക പ്രതിരോധ കുത്തിവയ്പ് പദ്ധതിക്കായി കോ വിൻ മാതൃകയിൽ ആരംഭിച്ച യു–വിൻ പോർട്ടൽ, രാജ്യത്തുടനീളം ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന 12,850 കോടി രൂപയുടെ വികസന പദ്ധതികൾ എന്നിവയ്ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
റജിസ്ട്രേഷൻ ആരംഭിച്ചില്ല
ഒരു മാസം മുൻപ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ കേരളത്തിൽ ഉൾപ്പെടെ ഇതുവരെ റജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ല. റജിസ്ട്രേഷൻ തുടങ്ങിയെന്നും മൊബൈൽ ഫോൺ ആപ്ലിക്കേഷനിലും (ആയുഷ്മാൻ ആപ്പ്) വെബ് പോർട്ടലിലും (beneficiary.nha.gov.in) മൊഡ്യൂൾ തയാറാക്കിയെന്നും കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും ഒൗദ്യോഗിക നിർദേശം ലഭിച്ചില്ലെന്നാണ് സംസ്ഥാനങ്ങളുടെ വിശദീകരണം.