ADVERTISEMENT

ന്യൂഡൽഹി ∙ സമൂഹനന്മയ്ക്കായി ഏതു സ്വകാര്യസ്വത്തും ഏറ്റെടുക്കാൻ സർക്കാരുകൾക്കു കഴിയില്ലെന്നു സുപ്രീം കോടതി ഭൂരിപക്ഷ വിധിയിലൂടെ (7–2) വ്യക്തമാക്കി. എല്ലാ സ്വകാര്യസ്വത്തും സമൂഹനന്മയ്ക്കായി ഏറ്റെടുക്കാമെന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെയും (1978–ലെ രംഗനാഥ് റെഡ്ഡി കേസ്) ജസ്റ്റിസ് ചിന്നപ്പ റെഡ്ഡിയുടെയും (1982–ലെ സഞ്ജീവ് കോക് കേസ്) ഉത്തരവുകളോടു വിയോജിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി.

സ്വകാര്യസ്വത്ത് സമൂഹനന്മയ്ക്കായി ഏറ്റെടുത്ത് പുനർവിതരണം ചെയ്യാൻ സർക്കാരുകൾക്ക് അധികാരമുണ്ടോ എന്ന വിഷയമാണു കോടതി പരിശോധിച്ചത്. സമൂഹത്തിലെ പൊതുവിഭവങ്ങൾ പങ്കിട്ടു നൽകാൻ ഭരണഘടനയിലെ നിർദേശക തത്വങ്ങളിലുള്ള 39ബി വകുപ്പ് സർക്കാരിനെ ചുമതലപ്പെടുത്തുന്നുണ്ട്. അതിന്റെ പരിധിയിൽ ചില സ്വകാര്യസ്വത്തുക്കൾ ഉൾപ്പെടുമെങ്കിലും എല്ലാം അതിൽപെടില്ലെന്നു ചീഫ് ജസ്റ്റിസ് എഴുതിയ ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കുന്നു. ഇതിനോടു ഭാഗികമായി യോജിച്ചെങ്കിലും ജസ്റ്റിസ് ബി.വി. നാഗരത്ന പ്രത്യേക വിധിന്യായമെഴുതി. ജസ്റ്റിസ് സുധാംശു ധൂലിയ വിയോജിച്ചു വിധിയെഴുതി. 

പരിഗണിച്ചത് മഹാരാഷ്ട്രയിലെ കേസ്

മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡവലപ്മെന്റ് ആക്ട് (മാഡ) നിയമവുമായി ബന്ധപ്പെട്ട കേസാണു കോടതി പരിഗണിച്ചത്. നിയമത്തിൽ 1986 ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം 70% താമസക്കാരുടെ അനുമതിയുണ്ടെങ്കിൽ, മാസവാടകയുടെ നൂറിരട്ടി നൽകി പഴക്കമുള്ള സ്വകാര്യ കെട്ടിടങ്ങൾ ഏറ്റെടുത്ത് അറ്റകുറ്റപ്പണി ചെയ്യാനും പൊതുനന്മയ്ക്കായി പുനർവിതരണം ചെയ്യാനും സർക്കാരിനു കഴിയും. ഇതാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. 2 പതിറ്റാണ്ടിനു ശേഷമാണ് കേസിൽ വാദം കേട്ടത്.

‘സാമ്പത്തികനയം മൂലം അവഹേളിക്കരുത്’

സ്വകാര്യസ്വത്തടക്കം എല്ലാം സമൂഹനന്മയ്ക്കുള്ളതെന്ന ഗണത്തിൽ വരുമെന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ അഭിപ്രായം ഭരണഘടനാ കാഴ്ചപ്പാടിനോടുള്ള ദ്രോഹമാണെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അഭിപ്രായത്തോടു സഹ ജഡ്ജിമാർ ശക്തമായ വിയോജിപ്പ് അറിയിച്ചു. 1991 മുതലുള്ള മാറിയ സാമ്പത്തിക നയങ്ങളുടെ പേരിൽ കഴിഞ്ഞകാല ജഡ്ജിമാരെ അവഹേളിക്കാൻ കഴിയില്ലെന്നു ജസ്റ്റിസ് നാഗരത്ന തുറന്നടിച്ചു. ഒഴിവാക്കാവുന്നതായിരുന്നു അഭിപ്രായമെന്നു ഭൂരിപക്ഷ വിധിയോടു വിയോജിച്ചുള്ള വിധിന്യായത്തിൽ ജസ്റ്റിസ് സുധാംശു ധൂലിയയും പറഞ്ഞു. 

‘ദ്രോഹം ചെയ്തുവെന്ന’ തരത്തിലുള്ള പരാമർശം കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അന്തിമവിധിന്യായത്തിൽ ഒഴിവാക്കിയിട്ടുണ്ട്.

English Summary:

Supreme Court's verdict on private property acquisition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com